മാനന്തവാടി രൂപതാ വക്താവ് സ്ഥാനത്ത് നിന്ന് ഫാദര്‍ തോമസ് ജോസഫ് തേരകത്തെ മാറ്റി. കൊട്ടിയൂരില്‍ വൈദികന്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ ഇരയുടെ കുഞ്ഞിന്റെ ദത്തെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി. വയനാട് ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാനായ ഫാ. തേമസ് തേരകത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുത്ത സാഹചര്യത്തിലാണ് വക്താവ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള രൂപതയുടെ തീരുമാനം.
ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്ന സ്ഥാനത്ത് നിന്ന് ഫാ. തോമസ് തേരകം സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് രൂപതയുമായി ബന്ധമില്ല. വീഴ്ച വരുത്തി എന്ന് ആരോപിക്കപ്പെടുന്ന ആള്‍ വക്താവ് സ്ഥാനത്ത് തുടരുന്നത് അനുചിതമാണെന്ന് കരുതുന്നതായി പ്രസ്താവനയില്‍ മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. നവജാത ശിശുവിനെ ഏറ്റെടുത്ത സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കും അനാഥാലയത്തിനും വീഴ്ച പറ്റിയെന്നും സമൂഹ്യനീതി വകുപ്പ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ബാലപീഡന കേസുകളില്‍ സഭ ഇരയോടൊപ്പം നില്‍ക്കണം എന്ന മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശം മാനന്തവാടി രൂപതയുടേയും നിലപാടാണ്. ഫാ. റോബിന്‍ വടക്കുംചേരി ഉള്‍പ്പെട്ട ബാലപീഡന കേസില്‍ ഇരയോടൊപ്പം നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിലുണ്ട്. എന്നാല്‍ കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും വേണ്ടിയാണ് എന്ന ആരോപണം ഉന്നയിക്കപ്പെടും എന്നതിനാല്‍ കുട്ടിയുമായോ വീട്ടുകാരുമായോ ബന്ധപ്പെടാനുള്ള സാഹചര്യം അല്ല ഇപ്പോഴെന്ന് കരുതുന്നതായി മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.
വൈദികരുടെ ഇടയില്‍ ബാലപീഡന കേസുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മാനന്തവാടി രൂപത വ്യക്തമാക്കി. കുറ്റകൃത്യം മറച്ചുവെക്കാന്‍ രൂപതാ നേതൃത്വം ക്രിസ്തുരാജ് ആശുപത്രിയുമായും ശിശുക്ഷേമ സമിതിയുമായും ബന്ധപ്പെട്ടിട്ടില്ല. കുറ്റാരോപിതനെ സംരക്ഷിക്കാന്‍ രൂപത ഗൂഢാലോചന നടത്തിയിട്ടില്ലെന്നും രൂപത വ്യക്തമാക്കുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായോ ബന്ധുക്കളുമായോ ബന്ധപ്പെടുകയോ കുറ്റകൃത്യം മറച്ചുവെക്കാന്‍ പണമോ മറ്റെന്തെങ്കിലുമോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് രൂപതയുടെ വാദം.അതിനിടെ വയനാട് ജില്ലാ ശിശുക്ഷേമ സമിതിയ്‌ക്കെതിരെ വൈത്തിരിയിലെ ദത്തെടുപ്പ് കേന്ദ്രം രംഗത്തെത്തി. നവജാതശിശുവിനെ വഭിച്ച വിവരം ശിശുക്ഷേമസമിതിയെ അറിയിച്ചിരുന്നെന്ന് ദത്തെടുപ്പ് കേന്ദ്രം വ്യക്തമാക്കി.
വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ അന്വേഷണം മറ്റൊരു വൈദികനിലേക്കും നീളുന്നു. ഫാദര്‍ റോബിന് വിദേശത്തേക്ക് കടക്കാന്‍ ടിക്കറ്റെടുത്ത് നല്‍കിയ വൈദികനെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതിപ്പട്ടികയിലുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.