ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മറ്റ് ഡ്രൈവർമാർക്ക് വേണ്ടി 150 ഓളം ഡ്രൈവിംഗ് ടെസ്റ്റുകളിൽ പങ്കെടുത്ത സ്ത്രീക്ക് കോടതി എട്ടു മാസത്തെ ജയിൽ ശിക്ഷ വിധിച്ചിരിക്കുകയാണ്. വെയിൽസിലെ കാർമാർതെൻഷെയറിലെ ലാനെലിയിൽ നിന്നുള്ള ഇരുപത്തൊമ്പതുകാരിയായ ഇന്ദ്രജീത്ത് കൗറിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. 2018 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ ഇവർ നിരവധി പേർക്ക് പകരമായി ടെസ്റ്റുകളിൽ പങ്കെടുത്തതായി പോലീസ് കണ്ടെത്തി. ഇംഗ്ലീഷ് ഭാഷയിൽ ബുദ്ധിമുട്ടുള്ളവർക്കാണ് ഇവർ പ്രധാനമായും പകരക്കാരിയായത്. സ്വാൻസി, കാർമാർതെൻ, ബിർമിങ്ഹാം, ലണ്ടൻ എന്നിവിടങ്ങളിൽ എല്ലാം തന്നെ ഇവർ ടെസ്റ്റുകളിൽ പങ്കാളിയായിട്ടുണ്ട്. പണത്തോടുള്ള അമിതമായ ആസക്തി മൂലമാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്നാണ് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ സ്റ്റീവൻ മലൊണി വ്യക്തമാക്കുന്നത്.

പൊതുസമൂഹത്തിന് മൊത്തത്തിൽ ദോഷം ചെയ്യുന്ന തരത്തിലുള്ള കുറ്റകൃത്യമാണ് ഇവർ ചെയ്തതെന്ന് ചീഫ് ഇൻസ്പെക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ വ്യക്തമായ ഡ്രൈവിംഗ് ധാരണകൾ ഇല്ലാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് അപകടത്തിന് വഴിതെളിക്കുമെന്ന അഭിപ്രായമാണ് കോടതി വ്യക്തമാക്കുന്നത്. സ്വാൻസി ക്രൗൺ കോടതിയാണ് ഈ സംബന്ധിച്ച് വാദം കേട്ടത്. നിരവധി സെന്ററുകളിൽ സംശയമുണ്ടായതിനെ തുടർന്ന് ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് സ് ഏജൻസി നൽകിയ നിർദേശത്തിലാണ് സൗത്ത് വെയിൽസിൽ ഇത് സംബന്ധിച്ച് അന്വേഷണം നടന്നത്. ഇത്തരത്തിൽ തെറ്റായ രീതിയിലൂടെ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നത് അപകടങ്ങൾക്ക് വഴിതെളിക്കുമെന്ന് ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് സ് ഏജൻസി വ്യക്തമാക്കി..