ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിവർപൂൾ : കാർ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ലിവർപൂളിൽ ഒഴിവായത് വൻ ദുരന്തം. ഇന്നലെ രാവിലെ 10:59നാണ് നഗരത്തെ ഞെട്ടിച്ച സ്ഫോടനം നടന്നത്. അനുസ്മരണ ദിനത്തോടനുബന്ധിച്ച് ലിവർപൂൾ കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിൽ പങ്കെടുക്കാനാണ് യാത്രക്കാരൻ ടാക്സി വിളിച്ചത്. യഥാർത്ഥത്തിൽ, ബോംബാക്രമണം ലക്ഷ്യമിട്ട് സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേർ ആയിരുന്നു അദ്ദേഹം. എന്നാൽ കാർ ഗതാഗത കുരുക്കിൽ പെട്ടതോടെ ലിവർപൂൾ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. സംശയം തോന്നിയ ഡ്രൈവർ ഡേവിഡ് പെറി, ആശുപത്രിയിൽ എത്തിയ ഉടൻ കാറിൽ പരിശോധന നടത്തുകയായിരുന്നു. വൻ സ്ഫോടക ശേഖരം കണ്ടെത്തിയതോടെ ചാവേറിനെ കാറിനുള്ളിൽ ഇട്ട് ലോക്ക് ചെയ്തു. പിന്നാലെ വലിയ ശബ്ദത്തിൽ കാർ പൊട്ടിതെറിച്ചു. കാറിനുള്ളിൽ കുടുങ്ങിയ ഭീകരനും കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സാരമായി പരിക്കേറ്റ പെറിക്ക് ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് അയച്ചു. ഈ ദുരന്തത്തിന് തീവ്രവാദവുമായി നേരിട്ട് ബന്ധമില്ലെന്ന് പറഞ്ഞ പോലീസ്, പിന്നീട് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ലിവർപൂളിലെ കെൻസിംഗ് ടണിലെ ബോലർ സ്ട്രീറ്റിൽ നിന്നാണ് മൂന്നു യുവാക്കളെ പിടികൂടിയത്. സമീപവാസികളെ ഒഴിപ്പിച്ച ശേഷം സെഫ്റ്റൺ പാർക്കിന് സമീപമുള്ള റട്ട്‌ലാൻഡ് അവന്യൂ പോലീസ് സീൽ ചെയ്തു.

ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിൽ നിന്ന് ഒരു മൈൽ അകലെയുള്ള ആംഗ്ലിക്കൻ കത്തീഡ്രലിൽ നിരവധി സൈനിക ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും പൗര പ്രമുഖരും ഉൾപ്പെട്ട അനുസ്മരണ ശുശ്രൂഷയ്ക്കിടെ സ്ഫോടനം നടത്താനായിരുന്നു ഉദ്ദേശ്യം. എന്നാൽ ഗതാഗത കുരുക്കിൽ പെട്ടതോടെയാണ് കാർ തിരിച്ചു ആശുപത്രിയിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടത്. ഇവിടെയാണ് ഡ്രൈവർ രക്ഷകനായത്. ലിവർപൂൾ വിമൻസ് ഹോസ്പിറ്റൽ പ്രതിവർഷം 50,000 രോഗികളെ ചികിത്സിക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രിയാണിത്.