ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്ലൻഡ് : കരോലിൻ ഗ്ലാച്ചൻ വധക്കേസിലെ പ്രതികൾ 25 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ. വെസ്റ്റ് ഡൺബാർട്ടൺഷയറിലെ ബോൺഹിൽ സ്വദേശിനിയായിരുന്ന കരോലിൻ ഗ്ലാച്ചൻ (14), 1996 ഓഗസ്റ്റ് 25 നാണ് കൊല്ലപ്പെട്ടത്. ലെവൻ നദിയുടെ തീരത്ത് നിന്നാണ് സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന കരോലിന്റെ മൃതദേഹം കണ്ടെടുത്തത്. റോബർട്ട് ഒബ്രിയൻ (43) ആൻഡ്രൂ കെല്ലി, ഡോണ ബ്രാൻഡ് (42) എന്നിവരാണ് പ്രതികൾ. കൊലപാതകം നടന്നു 25 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിൽ വിട്ടു.

സ്‌കോട്ട്‌ലൻഡ് പോലീസ്, പ്രതികളുടെ അറസ്റ്റ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കോടതി കേസ് വിളിച്ചത്. അന്വേഷണത്തിൽ സഹായിച്ച പൊതുജനങ്ങൾക്കും കരോളിന്റെ മരണവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പങ്കുവച്ചവർക്കും പോലീസ് നന്ദി അറിയിച്ചു. കരോലിൻ കൊല്ലപ്പെടുമ്പോൾ ഡംബാർടണിലെ ഔവർ ലേഡി ആൻഡ് സെന്റ് പാട്രിക്സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. അമ്മ മാർഗരറ്റ് മക്കീച്ചിന്റെ 40-ാം ജന്മദിനത്തിലാണ് കരോളിന്റെ മൃതദേഹം കണ്ടെത്തിയത്. കരോളിന്റെ മരണം ബിബിസിയുടെ ക്രൈംവാച്ച് പ്രോഗ്രാമിൽ ഇടം നേടിയിരുന്നു.