കോട്ടയം: ചങ്ങനാശ്ശേരിയിൽ അച്ഛനെയും അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കി. എസ്.ബി കോളജിന് സമീപം കരിങ്ങട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും വീട്ടിലെത്തുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാജുവിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ കിടപ്പുമുറിയിലും സബിന്റേത് മറ്റൊരു മുറിയിലുമായിരുന്നു. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ചങ്ങനാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ പത്തനംതിട്ടയിൽ മൊത്തവ്യാപാരവും പലചരക്ക് വ്യാപാരവും നടത്തിയിരുന്ന സാജു സാമ്പത്തിക ബാധ്യതകളെ തുടർന്ന് ചങ്ങനാശ്ശേരിയിലേക്ക് താമസം മാറിയതായാണ് റിപ്പോർട്ടുകൾ. വീടിന്റെ മുകൾനിലയിൽ കുടുംബം ഹോംസ്റ്റേയും നടത്തിയിരുന്നു. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായാണ് പ്രാഥമിക വിവരങ്ങൾ. മകൻ സബിന്റെ ഓൺലൈൻ ഗെയിമിങ് ഇടപാടുകളും സാമ്പത്തിക നഷ്ടവും അന്വേഷണ പരിധിയിലുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
മരണത്തിന് പിന്നിലെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. സബിൻ വിവാഹിതനാണ്. ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ മറ്റ് ദുരൂഹതകളുണ്ടോയെന്നും കുടുംബം നേരിട്ട സാമ്പത്തിക പ്രതിസന്ധിയുടെ യഥാർഥ കാരണങ്ങൾ എന്താണെന്നും വിശദമായ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.











Leave a Reply