ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുസ്ലിം മതപഠന കേന്ദ്രം ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. ഫെബ്രുവരി 20 -നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭീകര പ്രവർത്തനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബ്രോഗൻ സ്റ്റുവാർട്ട്(28 ), മാർക്കോ പിറ്റ്സെറ്റു (24), ക്രിസ്റ്റഫർ റിംഗ്‌റോസ് (33) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് .

മാർച്ച് 15 -ാം തീയതി ഇവരുടെ വിചാരണ ഓൾഡ് ബെയിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . ലീഡ്സ്, ഡര്‍ബി, സ്റ്റാഫോർഡ് ഷെയർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. അത്യാധുനിക സാങ്കേതികവിദ്യയായ ത്രീഡി പ്രിൻറിംഗ് വഴി നിർമ്മിച്ച തോക്കുകൾ ആണ് പ്രതികൾ ആക്രമണത്തിന് വേണ്ടി കരുതിയിരുന്നതെന്നാണ് പോലീസ് അറിയിച്ചത്. ഡിജിറ്റൽ മോഡലുകളിൽ നിന്ന് വസ്തുക്കൾ നിർമ്മിച്ചെടുക്കാൻ ഉപകരിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് ത്രീഡി ഡിജിറ്റൽ പ്രിന്റിംഗ്.

ആയുധങ്ങൾ നിർമ്മിച്ചത് കൂടാതെ എന്തൊക്കെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തേണ്ടത് എന്നതിനെക്കുറിച്ചും പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നു. ആദ്യം ലീഡ്സിലെ ഇസ്ലാമിക് എഡ്യൂക്കേഷൻ സെൻറർ ആക്രമിക്കാനാണ് അവർ പദ്ധതി തയ്യാറാക്കിയത്. ടെലിഗ്രാം ചാറ്റ് ആപ്ലിക്കേഷനിലൂടെയാണ് പ്രതികൾ തീവ്രവാദ പ്രവർത്തനത്തിനുള്ള നീക്കങ്ങൾ ഏകോപിച്ചിരുന്നത്. ത്രീഡി പ്രിന്റർ, വിവിധതരം തോക്കുകൾ എന്നിവ പ്രതികളുടെ വീടുകളിൽ നിന്ന് പോലീസ് കണ്ടെടുത്തു.