ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ ടിക്‌ടോക്കും യൂട്യൂബും മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ബ്രിട്ടന്റെ മാധ്യമ നിയന്ത്രണ ഏജൻസിയായ ഓഫ്കോം റിപ്പോർട്ട് ചെയ്തു. കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചു. സ്നാപ്പ് ചാറ്റ് ഉപയോഗിക്കുന്ന കുട്ടികളുമായി പ്രായപൂർത്തിയായ അപരിചിതർ ബന്ധപ്പെടുന്നത് തടയാനും, പരിചയമില്ലാത്തവരെ കൂട്ടത്തിൽ ചേർക്കാൻ പ്രോത്സാഹിപ്പിക്കുന്ന സംവിധാനങ്ങൾ ഒഴിവാക്കാനും സ്നാപ് ചാറ്റ് കമ്പനി സമ്മതിച്ചതായി ഓഫ്കോം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

16 വയസ്സിൽ താഴെയുള്ള ഉപയോക്താക്കൾക്കായി നേരിട്ടുള്ള ചാറ്റ് സംവിധാനം പൂർണ്ണമായും ഓഫ് ചെയ്യാനുള്ള സൗകര്യം മാതാപിതാക്കൾക്ക് നൽകുമെന്ന് റോബ്ലോക്സ് അറിയിച്ചു. അതേസമയം, ഇൻസ്റ്റഗ്രാമിൽ കൗമാരക്കാരുടെ കോൺടാക്ട് ലിസ്റ്റുകൾ മറച്ചുവയ്ക്കുകയും, സ്വകാര്യ സന്ദേശങ്ങളിലെ ലൈംഗിക സ്വഭാവമുള്ള സംഭാഷണങ്ങൾ കണ്ടെത്താൻ കൃത്രിമ ബുദ്ധി സംവിധാനങ്ങൾ വികസിപ്പിക്കുകയാണെന്നും മെറ്റ വ്യക്തമാക്കി. ടിക്‌ടോക്കും യൂട്യൂബും നിലവിൽ ആപ്പുകളിൽ സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ടെന്നാണ് വിശദീകരിച്ചത്. 16 വയസ്സിൽ താഴെയുള്ളവർക്കുള്ള നേരിട്ടുള്ള മെസേജിങ് ടിക്‌ടോക് ഇതിനകം നിയന്ത്രിച്ചിട്ടുണ്ടെന്നും, യൂട്യൂബിൽ ഷോർട്സ് വീഡിയോകൾക്ക് സമയപരിധി നിശ്ചയിക്കാനുള്ള സൗകര്യം മാതാപിതാക്കൾക്ക് നൽകിയിട്ടുണ്ടെന്നും കമ്പനികൾ അറിയിച്ചു.

ഓൺലൈൻ സുരക്ഷാ സംഘടനയായ മോളി റോസ് ഫൗണ്ടേഷന്റെ മേധാവി ആൻഡി ബറോസ്, കുട്ടികളെ സംരക്ഷിക്കുന്നതിൽ വലിയ ടെക് കമ്പനികൾ ഇപ്പോഴും അലംഭാവവും ഉത്തരവാദിത്വക്കുറവും കാണിക്കുന്നുവെന്ന് വിമർശിച്ചു. കൗമാരക്കാർക്ക് അപകടകരമായ ഉള്ളടക്കങ്ങൾ തുടർച്ചയായി എത്തിക്കുന്ന വ്യക്തിഗത അൽഗോരിതങ്ങൾ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്ലാറ്റ്ഫോമുകൾ നൽകിയ വാഗ്ദാനങ്ങൾ വേഗത്തിൽ നടപ്പാക്കാത്ത പക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഓഫ്കോം മുന്നറിയിപ്പ് നൽകി. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തണമോയെന്ന വിഷയത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ പൊതുചർച്ച മേയ് 26ന് അവസാനിക്കാനിരിക്കുകയാണ്.