ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

സസെക്സ് : ബ്രിട്ടനിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കനത്ത മഴയ്ക്ക് ശമനമില്ലാത്തതിനാൽ പല സ്ഥലങ്ങളും വെള്ളപൊക്ക ഭീഷണി നേരിടുന്നു. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തി പ്രാപിച്ചേക്കാമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. തെക്ക്, കിഴക്കൻ ഇംഗ്ലണ്ട്, മിഡ്‌ലാന്റ്സ്, യോർക്ക്ഷയർ എന്നിവിടങ്ങളിൽ 96 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഉണ്ട്. വരും ദിവസങ്ങളിൽ 30 മില്ലിമീറ്റർ മഴ വരെ ലഭിച്ചേക്കാമെന്ന് പറയപ്പെടുന്നു. ഇത് യാത്രാതടസങ്ങൾക്കും കാരണമാകും. ക്രിസ്മസ് യാത്ര ആരംഭിക്കുന്ന വാഹന യാത്രക്കാർക്ക് അവരുടെ റൂട്ടുകൾ മുൻ‌കൂട്ടി പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.


സർറേയിലെ ചെർട്ട്‌സി പ്രദേശത്ത് ഒരു ചുഴലിക്കാറ്റ് വീശിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. കനത്ത മഴയെത്തുടർന്ന് റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് വെസ്റ്റ് സസെക്സിലെ പാതകൾ അടച്ചിരുന്നു. കാലാവസ്ഥാ നിരീക്ഷകൻ അലക്സ് ഡീക്കിൻ പറഞ്ഞു: “തെക്ക് ഭാഗത്ത് വളരെ നനവുള്ളതിനാൽ ഈ നിലത്തേക്ക് ഇനിയും വീഴുന്ന മഴ കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.” തെക്കൻ ഇംഗ്ലണ്ടിലെ കാലാവസ്ഥ ഒറ്റരാത്രികൊണ്ട് മോശമാകുമെന്ന് പരിസ്ഥിതി ഏജൻസിയിലെ ഇയാൻ നൂൺ പറഞ്ഞു. എന്നാൽ ക്രിസ്മസിന് ശേഷം വരണ്ട കാലമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ കാര്യങ്ങൾ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നൂൺ പറഞ്ഞു.