പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വനിതാ ഫോറം വാർഷിക സംഗമം ‘ടോട്ടാ പുൾക്രാ’ ഡിസംബർ ഏഴിന് നടക്കും. രാവിലെ 9.00 മുതൽ വൈകിട്ട് 4.00വരെ ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ രൂപതയുടെ എട്ടു റീജിയനുകളിനിന്ന് 2500ൽപ്പരം വനിതകളെയാണ് പ്രതീക്ഷിക്കുന്നത്.

കന്യകാമറിയത്തെ വിശേഷിപ്പിക്കുന്ന ‘ടോട്ടാ പുൾക്രാ’ എന്ന നാമധേയത്തിൽ സംഘടിപ്പിക്കുന്ന വനിതാ സംഗമം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കത്തോലിക്കാ പ്രാർത്ഥനാ കീർത്തനത്തിൽ പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ‘ടോട്ടാ പുൾക്രാ’ എന്ന പദത്തിന്റെ അർത്ഥം ‘സമ്പൂർണ സൗന്ദര്യം’ എന്നാണ്.

മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലി അർപ്പണത്തോടെയായിരിക്കും ആരംഭം. എട്ട് റീജ്യണുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 125 പേരടങ്ങുന്ന, ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപത നടപ്പാക്കുന്ന പഞ്ചവത്സരപദ്ധതിയുടെ മൂന്നാം ഘട്ടമായ ‘ദമ്പതി വർഷം’ സംഗമത്തിൽവെച്ച് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കുട്ടികളുടെ വർഷവും യുവജനവർഷവും വരികയായിരുന്നു. നിരവധി കർമപദ്ധതികളും ഇതോടനുബന്ധിച്ച് പ്രഖ്യാപിക്കും.

ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഗമത്തിന്റെ കോർഡിനേറ്ററും വികാരി ജനറലുമായ ഫാ. ജിനോ അരീക്കാട്ട് എം.സി.ബി.എസ്, രൂപത പ്രസിഡന്റ് ജോളി മാത്യ എന്നിവർ അറിയിച്ചു.റീജണുകളിൽനിന്നും വിവിധ കലാപരിപാടികൾക്കുള്ള തയാറെടുപ്പുകളും നടന്നുകൊണ്ടിരിക്കുന്നു.

രൂപതയുടെ സുവിശേഷപ്രഘോഷണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന വനിതാ ഫോറത്തിലെ അംഗങ്ങളുടെ സമഗ്രവളർച്ചയും ആത്മീയസൗന്ദര്യവും സാധ്യമാക്കാനും ദൈവാശ്രയബോധം കൂടുതൽ വളർത്താനുമാണ് ഈ പേര് വാർഷിക സംഗമത്തിന് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.