കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും. ടി പി കേസിലെ പതിനൊന്ന് പ്രതികള്‍ക്ക് പുറമേ ഏറെ കോളിളക്കം സ്യഷ്ടിച്ച ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനും ശിക്ഷായിളവ് നല്‍കണമെന്ന് ജയില്‍ വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ജയില്‍ വകുപ്പ് നല്‍കിയ 1911 പേരുടെ പട്ടികയില്‍ നിന്ന് 61 ഒഴിവാക്കി 1850 പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്തത്. സർക്കാർ നൽകിയ ഈ പട്ടിക ഗവർണർ പി.സദാശിവം തിരികെ അയയ്ക്കുകയായിരുന്നു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിനൊന്ന് പ്രതികള്‍, അതായത് കെ സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, അണ്ണന്‍ സിജിത്ത്, മനോജ്, റഫീഖ്, അനൂപ്, മനോജ്കുമാര്‍, സുനില്‍കുമാര്‍, രാജീവ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍.
പുറമേ ഏറെ കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം. കാരണവര്‍ വധക്കേസിലെ ഷെറിണ്‍, കല്ലുവാതുക്കല്‍ മദ്യദുരന്തകേസില്‍ ശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൃഷ്ണകുമാര്‍ എന്നിവരാണ് ശിക്ഷാ ഇളവിനായി തയ്യാറാക്കിയ പട്ടികയിലെ പ്രമുഖര്‍. 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കാണ് സാധാരണ ഗതിയില്‍ ശിക്ഷ ഇളവ് നല്‍കുന്നത്. പട്ടികയിലുള്ള പലരും പത്ത് വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ അനുഭവിച്ചരാണ്. അതിനാല്‍ നിയമം പൂര്‍ണ്ണമായും അട്ടിമറിച്ചാണ് ജയില്‍ വകുപ്പ് പട്ടിക തയ്യാറാക്കിയതെന്ന് വ്യക്തം. പക്ഷെ ജയില്‍ വകുപ്പ് നല്‍കിയ പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയ 61 പേരില്‍ ടിപി കേസിലേത് അടക്കമുള്ള പ്രതികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല.