തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് കോൺഗ്രസിലേക്ക് ചേക്കേറുമെന്ന സൂചനകൾ ശക്തമാകുന്നു. കോൺഗ്രസ് നേതൃത്വം താനുമായി ചർച്ച നടത്തിയതായി ഉഷ സ്ഥിരീകരിച്ചെങ്കിലും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയ രംഗത്ത് പുതിയ നീക്കങ്ങൾക്ക് വഴിയൊരുങ്ങുന്ന സാഹചര്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ഉഷാ മോഹൻദാസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ കൊട്ടാരക്കരയിൽ അയിഷാ പോറ്റിക്കായിരിക്കും കോൺഗ്രസ് മുൻഗണന നൽകുക എന്നതാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഇതോടെ ഉഷയുടെ സാധ്യതകൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
ഉഷ കോൺഗ്രസിൽ എത്തുകയാണെങ്കിൽ ഏത് മണ്ഡലം നൽകുമെന്നതടക്കമുള്ള വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ സജീവമാണ്. ‘കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല,’ എന്ന് ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. വരും ദിവസങ്ങളിൽ വിഷയത്തിൽ വ്യക്തത വരുമെന്നാണ് സൂചന.











Leave a Reply