കെഎസ്ആർടിസിയിലെ യാത്രക്കാരനോട് ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് വനിതാകണ്ടക്ടർക്ക് നേരെ ആക്രമണം. കല്ലമ്പലം പിപി കോട്ടേജിൽ വി റോഷ്‌നി(45)ക്കാണ് ആക്രമണ്തതിൽ പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഫാസ്റ്റ്പാസഞ്ചർ ബസിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ രാജസ്ഥാൻ സ്വദേശി ഓംപ്രകാശ്(30) ആണ് റോഷ്‌നിയെ ആക്രമിച്ചത്. ഇയാളെ ബസിലെ മറ്റ് യാത്രക്കാർ തടഞ്ഞുവെച്ച് ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു.
ആറ്റിങ്ങലിൽ നിന്നാണ് റോഷ്‌നി കണ്ടക്ടറായി ജോലി ചെയ്യുന്ന ബസിൽ ഓംപ്രകാശ് കയറിയത്. ഇയാൾ ബസിന്റെ പിൻഭാഗത്തായി ലഗേജ് വെച്ച് മുന്നിൽ ഇരിക്കുകയായിരുന്നു. ബസ് കൊട്ടിയത്ത് എത്തിയതോടെ ലഗേജ് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ഉടമസ്ഥനെ തിരക്കിയെങ്കിലും മറുപടി കിട്ടിയില്ല.
പിന്നീട് ചിന്നക്കടയിലെത്തി ഇയാൾ ലഗേജുമായി ഇറങ്ങാൻ നോക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് പ്രശ്‌നങ്ങളിലേക്ക് വഴിതെളിച്ചത്. ബഹളംവെച്ച ഓംപ്രകാശ് കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. കണ്ടക്ടർ തൊഴിയേറ്റ് നിലത്തുവീണു. എങ്കിലും അക്രമി ഇവരെ വിടാതെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ബസിൽ വീണുപോയ തന്നെ യാത്രക്കാരാണ് രക്ഷപ്പെടുത്തിയതെന്ന് കണ്ടക്ടർ പറയുന്നു. യാത്രക്കാരിടപെട്ട് ഇയാളെ പിടിച്ചുവെച്ച് ബസ് സ്റ്റാൻഡിലേക്ക് വിടുകയായിരുന്നു. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Reply