ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിൽ എട്ട് വർഷമായി ജയിലിൽ കഴിയുന്ന ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവർത്തകൻ ജഗ്താർ സിങ് ജോഹാലിനെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് പ്രമുഖ അഭിഭാഷകരുടെ കത്ത്. മുൻ അറ്റോർണി ജനറൽ ഡൊമിനിക് ഗ്രീവ് ഉൾപ്പെടെ നാല് മുതിർന്ന നിയമ വിദഗ്ധരാണ് സ്റ്റാർമറിനോട് ഇടപെടാൻ ആവശ്യപ്പെട്ടത്. ഒരേ കുറ്റത്തിന് രണ്ടുതവണ വിചാരണ ചെയ്യുന്നത് തടയുന്ന “ഡബിൾ ജിയോപ്പർഡി” നിയമത്തിന് വിരുദ്ധമായാണ് ഇന്ത്യയിലെ തുടരന്വേഷണമെന്നും അവർ ചൂണ്ടിക്കാട്ടി.

പഞ്ചാബിലെ കോടതിയിൽ കഴിഞ്ഞ വർഷം ഭീകരവാദ കുറ്റങ്ങളിൽ നിന്ന് ജോഹാലിനെ വെറുതെ വിട്ടിരുന്നുവെങ്കിലും ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ സമാനമായ എട്ട് കേസുകളിൽ അന്വേഷണം തുടരുകയാണെന്ന് കത്തിൽ പറയുന്നു. പൊലീസ് പീഡനത്തിനിടെ നിർബന്ധിച്ച് ഒപ്പിടിപ്പിച്ചെന്ന് ആരോപിക്കുന്ന ഒരു “കുറ്റസമ്മത രേഖ” മാത്രമാണ് കേസുകളുടെ അടിസ്ഥാനമെന്നും ജോഹാലിന്റെ അനുയായികൾ ആരോപിക്കുന്നു. മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിലാണ് ജോഹാലിനെ ലക്ഷ്യമിട്ടതെന്നും ഐക്യരാഷ്ട്രസഭാ നിയമ വിദഗ്ധർ അദ്ദേഹത്തെ “നിയമവിരുദ്ധ തടങ്കലിൽ” ആണെന്ന് വിലയിരുത്തിയതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇത് യഥാർത്ഥ നിയമനടപടി അല്ലെന്നും തന്റെ സഹോദരനെ ശിക്ഷിക്കാൻ ഒരുക്കിയ സംവിധാനമാണെന്നും ജോഹാലിന്റെ സഹോദരൻ ഗുര്‍പ്രീത് ആരോപിച്ചു. കോടതിയിൽ ഹാജരാകുമ്പോഴെല്ലാം അന്വേഷണം നീട്ടിവെക്കാൻ എൻഐഎ കാരണം കണ്ടെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ അഭിഭാഷകനായിരുന്ന പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ സ്റ്റാർമർ ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.











Leave a Reply