സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച അർധരാത്രി ട്രിപ്പിൾ ലോക്ഡൗൺ നിലവിൽവരും. കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ജില്ലാ ഭരണകൂടം പുറപ്പെടുവിക്കും. രോഗ നിയന്ത്രണത്തിനുള്ള ഏറ്റവും കര്‍ശന മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഒരു വഴി മാത്രമേ ഉണ്ടാവു. അനാവശ്യമായി പുറത്തിറങ്ങുന്നത് ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കര്‍ശന ശിക്ഷയുണ്ടാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കും. ജിയോഫെന്‍സിംഗ്, ഡ്രോണ്‍ നിരീക്ഷണം എന്നിവയുണ്ടാകും. ക്വാറന്റൈന്‍ ലംഘിച്ചാലും അതിനെ സഹായിച്ചാലും കര്‍ശന നടപടി നേരിടേണ്ടിവരും. ഭക്ഷണം ഉണ്ടാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ക്ക് വാര്‍ഡ് തല സമിതികള്‍ മേല്‍നോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗപ്പെടുത്തും. മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ഉണ്ടാവില്ല. മരുന്നുകടകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കും.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ 10,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പത്രവും പാലും രാവിലെ ആറ് മണിക്ക് മുന്‍പ് വീട്ടിലെത്തണം. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സുമാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നിവര്‍ക്ക് പാസ് വാങ്ങി ജോലിക്കു പോകാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യജ്ഞന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും.
നാല് ജില്ലകളിലും ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും തുറക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മിനിമം ജീവനക്കാരുമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അകത്തേയക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിര്‍ത്തി ബാക്കിയെല്ലാ റോഡുകളും അടയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Leave a Reply