ചെമ്പഴന്തി ഉദയഗിരിയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി പച്ചക്കറി കച്ചവടം നടത്തിയിരുന്ന വീട്ടമ്മ മരിച്ചു. പൗഡിക്കോണം വട്ടവിള വീട്ടിൽ പരേതനായ പ്രേംകുമാറിന്റെ ഭാര്യ ഉദയഗിരിയിൽ പ്ലാവിള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന എസ്. ചന്ദ്രിക (55) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ശ്രീകാര്യത്ത് നിന്നും ചെമ്പഴന്തി ഭാഗത്തേക്കു പോയ കാർ നിയന്ത്രണം വിട്ട് റോഡരുകിൽ ടാർപോളിൻ കെട്ടി പച്ചക്കറി കച്ചവടം നടത്തുന്ന ചന്ദ്രികയുടെ കട തകർത്തു കൊണ്ട് ചന്ദ്രികയെ ഇടിച്ചു വീഴ്ത്തി.

ഓടിക്കൂടിയ നാട്ടുകാർ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം മോർച്ചറിയിൽ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്ന് ശ്രീകാര്യം പൊലീസ്. കാർ ഓടിച്ചിരുന്ന ശാന്തിഗിരി ആശ്രമത്തിലെ ജീവനക്കാരൻ മോഹൻകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പി.അനന്തു,സി.അപർണ എന്നിവരാണ് മരിച്ച ചന്ദ്രികയുടെ മക്കൾ. ഒരു വർഷമായി ഉദയഗിരിയിലെ വാടക വീട്ടിൽ താമസിക്കുന്ന ചന്ദ്രിക വീടിനു സമീപം റോഡിന്റെ വശത്ത് പച്ചക്കറി തട്ടുകട നടത്തുകയായിരുന്നു.

പച്ചക്കറി കച്ചവടം നടത്തുന്ന എസ്. ചന്ദ്രികയുടെ ജീവൻ അപഹരിച്ച അപകടത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ. മിനിറ്റുകൾക്ക് മുൻപ് പച്ചക്കറി വാങ്ങി പോയ നാട്ടുകാർ കേട്ടത് വൻ ശബ്ദത്തോടെ കാർ പച്ചക്കറി തട്ട് ഇടിച്ചു തകർത്തുകൊണ്ട് നിൽക്കുന്നതാണ്. ഓടിക്കൂടിയ നാട്ടുകാർ കാറിനടിയിൽപ്പെട്ട ചന്ദ്രികയെ പുറത്തെടുത്തു. അപ്പോൾ ജീവന്റെ തുടിപ്പുണ്ടായിരുന്ന ചന്ദ്രികയെ ഉടൻ തന്നെ 108 ആംബുലൻസിലാക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

പൗഡിക്കോണം വട്ടവിളയിൽ താമസിച്ചിരുന്ന ചന്ദ്രിക ഒരു വർഷം മുൻപാണ് ഉദയഗിരിയിൽ വീട് വാടകയ്ക്കെടുത്ത് മകൻ അനന്തുവുമായി താമസം തുടങ്ങിയത്. ആറ് മാസമായി ഉദയഗിരിയിൽ റോഡിന്റെ വശത്തായി ടാർപാളിൻ കെട്ടി പച്ചക്കറി തട്ട് നടത്തുകയായിരുന്നു. അപകടം ന‌ടന്ന ദിവസം രാവിലെയും ചന്ദ്രിക ചാലയിൽ പോയി പച്ചക്കറികളും വാങ്ങി വന്നതാണ്.