ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അന്തരിച്ച ക്യാപ്റ്റൻ ടോം മൂറിനെതിരെ ട്വീറ്റ് ചെയ്ത 35 കാരനെതിരെ കേസെടുത്ത് പോലീസ്. “ഫെബ്രുവരി 2ന് മരണമടഞ്ഞ ക്യാപ്റ്റൻ സർ ടോം മൂറിനെതിരെ ഫെബ്രുവരി 5 വെള്ളിയാഴ്ച ട്വീറ്റ് ചെയ്തതിന്റെ റിപ്പോർട്ട്‌ ഞങ്ങൾക്ക് ലഭിച്ചു.” പോലീസ് സ് കോട്ട് ലൻഡ് പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 35 കാരനെ അറസ്റ്റ് ചെയ്യുകയും കുറ്റാരോപിതനാക്കുകയും ചെയ്തു. ഫെബ്രുവരി 17 ബുധനാഴ്ച ലാനാർക്ക് ഷെരീഫ് കോടതിയിൽ ഹാജരാക്കാനിരിക്കുകയാണ്. ആദ്യത്തെ കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ സമയത്ത് ധനസമാഹരണത്തിലൂടെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയ ടോം മൂർ കഴിഞ്ഞ ആഴ് ചയാണ് കോവിഡ് ബാധിതനായി മരണമടഞ്ഞത്.

അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോൺസനും അനുശോചനം അറിയിക്കുകയും. ഒപ്പം ഡൗണിംഗ് സ്ട്രീറ്റ്റിന് മുകളിലുള്ള യൂണിയൻ പതാകകൾ പകുതി താഴ്ത്തികെട്ടുകയും ചെയ്തിരുന്നു. പിറ്റേദിവസം അദ്ദേഹത്തിന് ആദരമർപ്പിച്ച് രാജ്യം കരഘോഷം മുഴക്കുകയുണ്ടായി. രാജ്യത്തിന്റെ ഈ ആദരവ് തങ്ങളുടെ ഹൃദയത്തിൽ സ്പർശിച്ചുവെന്ന് മൂറിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.