ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ 20 സ്ത്രീകളുടെ സ്തനങ്ങൾ അനാവശ്യമായി നീക്കം ചെയ്തതായി എൻഎച്ച്എസ് ട്രസ്റ്റ് സമ്മതിച്ചു. സ്തനാർബുദ ചികിത്സയിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സർജൻമാർ, റേഡിയോളജിസ്റ്റുകൾ, പാത്തോളജിസ്റ്റുകൾ, ക്യാൻസർ വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന മൾട്ടി ഡിസിപ്ലിനറി സംഘത്തിൽ (എംഡിടി) രോഗികളുടെ ചികിത്സാ പദ്ധതി വിശദമായി പരിശോധിക്കേണ്ടതാണ്. എന്നാൽ ട്രസ്റ്റിന്റെ ബ്രെസ്റ്റ് യൂണിറ്റ് ഇത്തരം യോഗങ്ങളിൽ വേണ്ടത്ര പങ്കെടുത്തിരുന്നില്ലെന്ന് റോയൽ കോളജ് ഓഫ് സർജൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യക്തിഗത സർജൻമാരുടെ അഭിപ്രായങ്ങൾ മതിയായ പരിശോധനയില്ലാതെ അംഗീകരിച്ചാണ് ചില രോഗികളിൽ തീരുമാനങ്ങൾ എടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. മാർഗനിർദേശങ്ങൾ പാലിക്കാത്ത പഴയ രീതികൾ, ആവർത്തിച്ചുള്ള ശസ്ത്രക്രിയകളുടെ ഉയർന്ന നിരക്ക്, മാസ്റ്റെക്ടമിക്ക് പിന്നാലെ ഉടൻ ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ നടത്തുന്നതിലെ കുറവ് തുടങ്ങിയ വീഴ്ചകളും ഇത് കൂടാതെ കണ്ടെത്തി. യോഗ്യതയില്ലാത്ത താൽക്കാലിക കൺസൾട്ടന്റുമാർ രോഗികളെ ചികിത്സിച്ചിരിക്കാമെന്നും അന്വേഷണത്തിൽ സൂചനയുണ്ട്. ആവശ്യമായ രോഗനിർണയ ഉപകരണങ്ങൾ ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് ഡോക്ടർ ഭട്ടി പലതവണ ആശങ്ക ഉന്നയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ ഡർഹം പൊലീസ്, നാഷണൽ ക്രൈം ഏജൻസി എന്നിവ നടത്തുന്ന അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നതായി കൗണ്ടി ഡർഹം ആൻഡ് ഡാർലിങ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറുന്നുണ്ടെന്നും ട്രസ്റ്റ് വ്യക്തമാക്കി. എന്നാൽ അനാവശ്യമായി സ്തനങ്ങൾ നീക്കം ചെയ്ത സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ നഷ്ടം ഇനി പരിഹരിക്കാനാകില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്തനാർബുദ ചികിത്സയിൽ കർശനമായ മാർഗനിർദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ടെന്നും, രാജ്യത്തിന്റെ ഏത് ഭാഗത്തായാലും രോഗികൾക്ക് ഒരേ നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കണമെന്നും ഉള്ള അഭിപ്രായം ശക്തമാണ് .