അബുദാബി ഇരട്ടക്കൊലപാതകത്തില്‍ മരിച്ച ഡെന്‍സിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാര്‍ അറിഞ്ഞത്. പിന്നീടു ഹൃദയാഘാതമാണെന്നും അറിയിച്ചു. അബുദാബിയിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സെന്റ് ജോസഫ്‌സ് പള്ളിയിലാണ് ഡെന്‍സിയുടെ സംസ്‌കാരം നടത്തിയത്. കുഴിമാടം നാളെ തുറന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിന് ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.

നോര്‍ത്ത് ചാലക്കുടി വാളിയേങ്കല്‍ റോസിലിയുടെ മകളാണ് ഡെന്‍സി (38). മൂന്നു മക്കളുടെ അമ്മയായ ഇവര്‍ 2019 ഡിസംബറിലാണു ജോലി തേടി അബുദാബിയിലേക്കു പോയത്.   മൂന്നു മാസം കഴിഞ്ഞായിരുന്നു മരണം സംഭവിച്ചത്. മകളുടേതു കൊലപാതകമാണെന്ന വിവരം ഏതാനും ദിവസം മുന്‍പു മാത്രമാണു കുടുംബാംഗങ്ങള്‍ അറിഞ്ഞതെന്നു പറയുമ്പോള്‍ അമ്മ റോസിലിക്കു കരച്ചിലടക്കാനാകുന്നില്ല. ജോലി ചെയ്തിരുന്ന കമ്പനിയിലെയാളാണ് കൊലപാതകമാണെന്ന വിവരം അറിയിച്ചത്. പിന്നീട് നിലമ്പൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നും പൊലീസെത്തി മൊഴിയെടുത്തു.

കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ.എബ്രഹാം നല്‍കിയ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി കിട്ടിയത്.  ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശി ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെന്‍സി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെന്‍സിയെയും 2020 മാര്‍ച്ച് 5നാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനത്തില്‍.

ഷാബാ ഷെരീഫ് വധക്കേസില്‍ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്മാന്‍, കുത്രാടന്‍ അജ്മല്‍, പൊരി ഷമീം എന്നിവരാണ് ഇരട്ടക്കൊല കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചത്. നാട്ടിലിരുന്ന് ഷൈബിന്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കു മുമ്പ് ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.

പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫാണു ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്നു കൂട്ടുപ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണു റീ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ തുടര്‍നടപടികള്‍ തീരുമാനിച്ചത്.