ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഹംബർസൈഡിലെ ഒരു ഫ്യൂണറൽ ഹോമിൽ നിന്നും ശരിയായ രീതിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് 34 മൃതദേഹങ്ങൾ പോലീസ് നീക്കം ചെയ്തു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃതവും മാന്യവുമായ ശവസംസ്കാരം ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കുക, വഞ്ചനാ കുറ്റം, സ്വന്തം സ്ഥാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തി തുടങ്ങിയ കുറ്റങ്ങൾ നിരത്തി നാൽപത്തിയാറുകാരനായ ഒരു പുരുഷനെയും, ഇരുപത്തിമൂന്നുകാരിയായ ഒരു സ്ത്രീയെയും ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലെഗസി ഫ്യൂനറൽ ഡയറക്റ്റേസ് എന്ന സ്ഥാപനമാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയതെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു. മുപ്പത്തി നാലോളം മൃതദേഹങ്ങൾ ലെഗസി ഫ്യൂണറൽ ഡയറക്ടർമാരുടെ ബ്രാഞ്ചുകളിലൊന്നിൽ നിന്ന് ഹൾ മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.


ലെഗസി ഫ്യൂനറൽ ഹോമിന്റെ കേന്ദ്രങ്ങളിൽ മൃതദേഹങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കുന്നില്ലെന്നും പരിപാലിക്കപ്പെടുന്നില്ലെന്നുമുള്ള പൊതുജനങ്ങളുടെ ആക്ഷേപത്തെ തുടർന്നാണ് പോലീസ് ഇക്കാര്യത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ലെഗസി ഹോമിന്റെ ഹേസിൽ റോഡിലുള്ള കേന്ദ്രം ഊട്ടി പോലീസ് അന്വേഷണം ആരംഭിക്കുകയും മൃതദേഹങ്ങൾ നീക്കം ചെയ്യുവാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തത്. സംഭവത്തിൽ കുടുംബാംഗങ്ങൾക്ക് ഉണ്ടായിരിക്കുന്ന ദുഃഖം മനസ്സിലാക്കുന്നതായി അസിസ്റ്റൻ്റ് ചീഫ് കോൺസ്റ്റബിൾ തോം മക്ലൗഗ്ലിൻ പറഞ്ഞു. ഈ സംഭവത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു ഫോൺ ലൈൻ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തന്നെ 380ലധികം കോളുകളാണ് ഇതിലൂടെ പോലീസിന് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകുന്നതിന് ലഭിക്കുന്ന ഓരോ കോളുകളും ശ്രദ്ധാപൂർവ്വമാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലെഗസി ഫ്യൂണറൽ ഡയറക്ടർമാർക്ക് ഹൾ സിറ്റിയിൽ ഹേസിൽ റോഡിലും അൻലാബി റോഡിലും ബെവർലിയിലെ ബെക്‌സൈഡിലും ശാഖകളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നാണ് നിലവിൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.