ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഖത്തർ : ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി തിളങ്ങിയ എന്നർ വലൻസിയയുടെ മികവിൽ ഇക്വഡോറിന് വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ വീഴ്ത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ തോൽക്കുന്നത് ഇതാദ്യമായാണ്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ചാമ്പ്യൻമാരായ സെനഗലും മൂന്ന് തവണ ഫൈനലിസ്റ്റുകളായ നെതർലാൻഡും ആണ് ഖത്തറിന് ഇനി എതിരാളികൾ. അതിനാൽ ഖത്തറിന് എളുപ്പമുള്ള ഒരു മത്സരം എന്ന് വിലയിരുത്തപ്പെട്ടത് ഇതായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലൻസിയയുടെ ഗോളുകൾ. വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് 16–ാം മിനിറ്റിൽ റഫറി ഇക്വഡോറിന് പെനാൽറ്റി അനുവദിച്ചത്. അത് വലൻസിയ തന്നെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 31–ാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയർത്തി നൽകിയ പന്തിനെ ബോക്സിന്റെ ഇടതുമൂലയിലേക്ക് വഴിതിരിച്ചുവിട്ട് വലൻസിയ രണ്ടാം ഗോൾ നേടി. മൂന്നാം മിനിറ്റിൽ തകർപ്പൻ ഹെഡർ ഗോൾ ഓഫ്‌സൈഡ് ആയിരുന്നില്ലെങ്കിൽ ഹാട്രിക് നേടാമായിരുന്നു വലൻസിയക്ക്.

ആദ്യ മത്സരത്തിന് ഇംഗ്ലണ്ട്

ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ട് ഇറാനെ നേരിടും. വംശീയതയ്ക്കും അസമത്വത്തിനുമെതിരായ പ്രതിഷേധം എന്നോണം ഇംഗ്ലണ്ട് താരങ്ങൾ മത്സരത്തിന് മുൻപ് കളത്തിൽ മുട്ടുകുത്തുമെന്ന് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് പറഞ്ഞു. ഹാരി കെയ്ൻ, ഫോഡൻ, സ്റ്റെർലിംഗ്, റൈസ്, സാക്ക പോലെ ഉള്ള മിന്നുംതാരങ്ങൾ ടീമിൽ ഉണ്ട്. ഇറാൻ, അമേരിക്ക, വെയിൽസ് എന്നി ടീമുകൾ അടങ്ങിയ ബി ഗ്രൂപ്പിൽ നിന്ന് ആദ്യസ്ഥാനക്കാരായി അടുത്ത റൗണ്ടിൽ കടക്കാനാണ് ഇംഗ്ലണ്ടിന്റെ പ്ലാൻ