ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലീഷ് ചാനൽ കടന്ന് ചെറിയ ബോട്ടിലൂടെ യുകെയിലെത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . അപകടകരമായ സമുദ്രയാത്രയ്ക്കിടെ ബോട്ട് പ്രതിസന്ധിയിൽപ്പെട്ടതിനെ തുടർന്നാണ് ദുരന്തമുണ്ടായത്. രക്ഷാപ്രവർത്തകർ ഇടപെട്ടെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മനുഷ്യക്കടത്ത് സംഘങ്ങൾ നിയന്ത്രിക്കുന്ന അനധികൃത യാത്രകളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ജീവൻ പണയം വെക്കുന്ന സാഹചര്യമാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത്.

ചെറിയ ബോട്ടുകളിലൂടെ യുകെയിൽ എത്തുന്നവരുടെ എണ്ണം വർഷംതോറും വലിയ തോതിൽ കൂടിവരുകയാണ് . 2021ൽ 28,526 പേരും 2022ൽ 45,755 പേരും 2023ൽ 29,437 പേരും 2024ൽ 36,816 പേരും എത്തിയപ്പോൾ, 2025ൽ ഡിസംബർ 31 വരെ 41,472 പേർ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 2025 വർഷം രണ്ടാമത്തെ ഉയർന്ന വരവാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഏറ്റവും കൂടുതൽ പേർ അനധികൃതമായി യുകെയിൽ എത്തിയത്.

2025ലെ കണക്കുകൾ പ്രകാരം ചെറിയ ബോട്ടുകളിലൂടെ എത്തുന്നവരിൽ ഭൂരിഭാഗവും എറിത്രിയ, അഫ്ഗാനിസ്ഥാൻ, ഇറാൻ, സുഡാൻ, സോമാലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. യുദ്ധം, രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക പ്രതിസന്ധി എന്നിവയിൽ നിന്ന് രക്ഷപ്പെടാനാണ് പലരും ജീവൻ പണയം വെച്ച് ഈ അപകടകരമായ യാത്ര തിരഞ്ഞെടുക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം യുകെയിൽ തുടരുന്നതിനായി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, വ്യാജ രേഖകൾ ഉപയോഗിക്കുക തുടങ്ങിയ മാർഗങ്ങളും ഉപയോഗിക്കുന്നവർക്ക് എതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.











Leave a Reply