മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളും ഇവർക്കൊപ്പമുണ്ടായിരുന്ന യുവാക്കളും പോലീസിന്റെ പിടിയിൽ. പള്ളിക്കൽ കെ.കെ.കോണം ഹീബ മൻസിലിൽ ജീമ(29), ഇളമാട് ചെറുവക്കൽ, വെള്ളാവൂർ നാസിയ മൻസിൽ നാസിയ(28) എന്നിവരാണ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ടത്.

വർക്കല രഘുനാഥപുരം ബി.എസ്.മൻസിലിൽ ഷാൻഷൈൻ(38), കരുനാഗപ്പള്ളി, തൊടിയൂർ, മുഴങ്ങോട് മീനത്തോട്ടത്തിൽവീട്ടിൽ റിയാസ്(34) എന്നിവരുടെ കൂടെയാണ് വീട്ടമ്മമാർ കടന്നുകളഞ്ഞത്. നാലുപേരുമാണ് പള്ളിക്കൽ പോലീസിന്റെ പിടിയിലായത്. 26-ന് രാത്രി 9.30-നാണ് അടുത്ത ബന്ധുക്കൾ കൂടിയായ സ്ത്രീകൾ നാടുവിട്ടത്.

ജീമ, ഒന്നര, നാല്, പന്ത്രണ്ട് വയസ്സുകളുള്ള മൂന്ന് പെൺമക്കളെയാണ് ഉപേക്ഷിച്ചത്. നാസിയ ആകട്ടെ, അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും. ഇരുവരുടെയും ഭർത്താക്കന്മാർ ഗൾഫിലാണ്. പിടിയിലായ സുഹൃത്തുക്കളിലെ ഷൈൻ ഇത്തരത്തിൽ ഭർത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ പേരിൽ എഴുകോൺ, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലും, റിയാസിന് കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, ശൂരനാട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകൾ നിലവിലുണ്ട്.

കുട്ടികളെ ഉപേക്ഷിച്ചിറങ്ങിയ സ്ത്രീകൾ അയൽവാസികളിൽ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി നാലുപേരും ചേർന്ന് ബെംഗളൂരു, മൈസൂർ, ഊട്ടി, കോയമ്പത്തൂർ, തെന്മല, കുറ്റാലം എന്നിവിടങ്ങളിൽ കറങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ മനോനിലയും, ആരോഗ്യവും നഷ്ടപ്പെട്ടു. കുടുംബക്കാരുടെ പരാതിയെ തുടർന്ന് വിശദമായ അന്വേഷണത്തിനൊടുവിൽ പോലീസ് സംഘം തെന്മലയിലെ ഒരു റിസോർട്ടിൽ നിന്നാണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേർന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും, പണ സമ്പാദിക്കാനായി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളിൽ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനൽ സ്വഭാവക്കാരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.