ന്യൂസ് ഡെസ്ക്, മലയാളം യുകെ
വോൾവർഹാംപ്ടനിൽ വീടിന് തീപിടിച്ച് രണ്ട് ചെറിയ കുട്ടികൾ ദാരുണമായി മരണമടഞ്ഞു. വെള്ളിയാഴ്ച രാത്രി ഏകദേശം 8.30ഓടെയാണ് മേസൺ സ്ട്രീറ്റിലെ വീട്ടിൽ തീപിടിത്തമുണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലായി പുറത്തേക്കോടി. വിവരം ലഭിച്ചതോടെ വെസ്റ്റ് മിഡ്‌ലാൻഡ്സ് പോലീസ്, ഫയർ സർവീസ്, ആംബുലൻസ് സംഘം എന്നിവ അടിയന്തിരമായി സ്ഥലത്തെത്തി വ്യാപക രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തത്തിന്റെ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ വീടിനുള്ളിലേക്ക് കയറി തിരച്ചിൽ നടത്തി കുട്ടികളെ പുറത്തെടുത്തെങ്കിലും അവരെ രക്ഷിക്കാനായില്ല. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു കുട്ടികൾ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . സംഭവ സ്ഥലത്തുവെച്ച് തന്നെ കുട്ടികളുടെ മരണം സ്ഥിരീകരിക്കുകയുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും ഒരു സ്ത്രീയും നേരത്തെ പുറത്തേക്ക് രക്ഷപ്പെട്ടിരുന്നു. ഇവരെ ആംബുലൻസ് സംഘം പരിശോധിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായില്ല. ഇവർക്ക് മാനസിക ആഘാതം ഉണ്ടായിരിക്കാമെന്നതിനാൽ കൗൺസിലിംഗ് സഹായവും ഒരുക്കിയേക്കാമെന്ന് സൂചന.

തീപ്പിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വീടിനും ചുറ്റുപാടിനും പൊലീസ് കാവൽ ഏർപ്പെടുത്തി പ്രദേശം നിയന്ത്രണ വിധേയമാക്കി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷപ്പെടുത്തിയ കുട്ടികൾക്ക് അഗ്നിശമനസേനയും മെഡിക്കൽ സംഘവും അടിയന്തിര ജീവൻ രക്ഷാ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ആംബുലൻസ് സർവീസ് അറിയിച്ചു.











Leave a Reply