പ്രളയക്കാഴ്ചകളുടെ ദൃശ്യങ്ങൾ ഏറെ ഉലച്ചത് പ്രവാസികളെയായിരുന്നു. പ്രാർഥനകളും സഹായങ്ങളുമായി അവർ േകരളത്തിനൊപ്പം നിലകൊണ്ടു. സമൂഹമാധ്യമങ്ങളായിരുന്നു അവരുടെ കൺട്രോൾ റൂമുകൾ. ഫെയ്സ്ബുക്കില്‍ ഒരു ഫണ്ട് റൈസിങ്ങ് ക്യാംപെയിനിലൂടെ എട്ട് ദിവസത്തിനുള്ളില്‍ 10.5 കോടിയോളം രൂപയാണ് ഇവർ സ്വരൂപിച്ചത്.
അരുണ്‍ നെല്ല, അജോമോന്‍ എന്നിവരുടെ നേതൃത്വത്തിൽ ചിക്കാഗോയില്‍ നിന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് ഇൗ ഫണ്ട് സ്വരൂപിച്ചത്. ചിക്കാഗോയിൽ ഇൗ ചെറുപ്പക്കാരുടെ നീക്കത്തിന് സോഷ്യൽ ലോകത്ത് വലിയ കയ്യടി. പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.ശിവശങ്കര്‍ ഐ.എ.എസ് ഇരുവരേയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
കേരളത്തില്‍ വന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നമ്മുടെ നന്ദി സ്വീകരിക്കണമെന്നും അത് നമുക്ക് സന്തോഷമാകുമെന്നും കത്തില്‍ പറയുന്നു. അവരെത്തിയാല്‍ ഇവിടെയുള്ള സ്റ്റാര്‍ട്ട് അപ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും കത്തില്‍ പറയുന്നുണ്ട്.
ഫണ്ട് റൈസിങ്ങ് ക്യാംപെയിൻ അവസാനിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ച ശേഷം ക്യാംപെയിൻ ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. മലയാളികളില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുമാണ് ഏറെയും സംഭാവന കിട്ടിയിരിക്കുന്നത്. ‘കേരള ഫ്ലഡ് റിലീഫ് ഫണ്ട് ഫ്രം യു.എസ്.എ’ എന്ന പേരിലാണത് നല്‍കുക.