ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവ ഉൾപ്പെടുന്ന ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലുമായി (ജിസിസി) ബ്രിട്ടൻ 3.7 ബില്യൺ പൗണ്ടിന്റെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. കരാർ പൂർണമായി നടപ്പാകുന്നതോടെ ബ്രിട്ടീഷ് കയറ്റുമതികൾക്കുള്ള വാർഷിക താരിഫ് ചെലവിൽ ഏകദേശം 580 മില്യൺ പൗണ്ടിന്റെ കുറവ് ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി . ചെഡാർ ചീസ്, ബട്ടർ, ചോക്ലേറ്റ്, പാനീയങ്ങൾ, വാഹന അനുബന്ധ ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് നികുതി ഇളവ് ലഭിക്കും. ഇതിലൂടെ ഗൾഫ് വിപണികളിലേക്കുള്ള ബ്രിട്ടീഷ് കയറ്റുമതി വർധിക്കുമെന്നും ബ്രിട്ടനിലെ ഭക്ഷ്യ, നിർമ്മാണ, കാർഷിക മേഖലകൾക്ക് വലിയ പ്രയോജനം ഉണ്ടാകുമെന്നും സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ബ്രിട്ടീഷ് കമ്പനികൾക്ക് ഗൾഫ് രാജ്യങ്ങളിൽ പുതിയ പങ്കാളിത്തങ്ങളും നിക്ഷേപ അവസരങ്ങളും കണ്ടെത്താൻ കരാർ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ധനകാര്യ സേവനങ്ങൾ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവയിലും സഹകരണം ശക്തിപ്പെടുത്താനാണ് ലക്ഷ്യം വയ്ക്കുന്നത് . പ്രധാനമന്ത്രി കിയർ സ്റ്റാർമർ സർക്കാരിന്റെ ഇന്ത്യ, ദക്ഷിണ കൊറിയ കരാറുകൾക്ക് പിന്നാലെയുള്ള മൂന്നാമത്തെ പ്രധാന വ്യാപാര കരാറാണിത്. ഒരു ജി7 രാജ്യവും ജിസിസിയും തമ്മിലുള്ള ആദ്യ സ്വതന്ത്ര വ്യാപാര കരാറെന്ന പ്രത്യേകതയും കരാറിനുണ്ട്. ബ്രെക്സിറ്റിന് ശേഷമുള്ള പുതിയ ആഗോള വ്യാപാര നയത്തിന്റെ ഭാഗമായാണ് ബ്രിട്ടൻ ഇത്തരം കരാറുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്.

അതേസമയം, മനുഷ്യാവകാശവും തൊഴിലാളി സംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ വ്യക്തതയില്ലെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനകൾ കരാറിനെ വിമർശിച്ചു. ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളി അവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബ്രിട്ടൻ കൂടുതൽ ഉറപ്പുകൾ ആവശ്യപ്പെടേണ്ടിയിരുന്നുവെന്ന അഭിപ്രായമാണ് ഉയരുന്നത്. മുൻ കൺസർവേറ്റീവ് സർക്കാർ ആരംഭിച്ച ചർച്ചകൾ പൂർത്തിയാക്കിയ കരാറിനെ പ്രതിപക്ഷം ബ്രെക്സിറ്റിന്റെ പ്രധാന നേട്ടമായി വിശേഷിപ്പിച്ചു. എന്നാൽ യൂറോപ്യൻ യൂണിയനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ലേബർ സർക്കാരിന്റെ സമീപനം ഭാവിയിൽ ഇത്തരം സ്വതന്ത്ര വ്യാപാര കരാറുകളുടെ പ്രാധാന്യം കുറയ്ക്കുമോയെന്ന ആശങ്കയും കൺസർവേറ്റീവ് നേതാക്കൾ പ്രകടിപ്പിച്ചു.











Leave a Reply