ലണ്ടൻ. ഡൽഹിയിലെ ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ സംഘടനയായ ഐഒസി യുകെയും ഐഒവൈസി യുകെയും സംയുക്തമായി ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിലെ മഹാത്മജിയുടെ പ്രതിമയ്ക്ക് സമീപം സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഐഒസി നേതാക്കളും ഐഒവൈസി പ്രവർത്തകരും ഇന്ത്യൻ വംശജരും പ്രതിഷേധത്തിൽ പങ്കെടുത്തു. കേരള ചാപ്റ്ററിന്റെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് നേതാക്കളുടെയും വനിതകളായ പ്രവർത്തകരുടെയും സാന്നിധ്യം പ്രതിഷേധത്തിൽ ശ്രദ്ധേയമായി.

ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം നാലാം ദിവസവും തുടരുകയാണ്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. പാർലമെന്റ് നടപടികളും തുടർച്ചയായി തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധക്കാർ അത് തള്ളിക്കളഞ്ഞ് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. പ്രതിഷേധ സംഗമത്തിൽ ഐഒസി യുകെ ജനറൽ സെക്രട്ടറി വിക്രംജി ദുഹാൻ വിദ്യാർഥികളുടെ മൂന്ന് പ്രധാന ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ അതിക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക, പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് പരസ്യമായി മാപ്പ് പറയുക എന്നിവയാണ് ആവശ്യങ്ങളെന്നും വിക്രം ദുഹാൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദ്യാർഥികളാണ് രാജ്യത്തിന്റെ ഭാവിയെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവരുടെ ജനാധിപത്യാവകാശം സംരക്ഷിക്കപ്പെടണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ പ്രഡിഡന്റ് സുജു കെ ഡാനിയേൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആശങ്കകൾ ഗൗരവമായി കേട്ട് നീതി ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന്‌ ഐഒവൈസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് എഫ്രേം സാം മാറ്റാപ്പള്ളി ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെയും പിന്തുണ തുടരുമെന്നും ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന സമാധാനപരമായ പ്രതിഷേധ അവകാശത്തെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും യോഗത്തിൽ സംസാരിച്ച വിവിധ നേതാക്കൾ പറഞ്ഞു.

പ്രതിഷേധത്തിൽ ഐഒസി യുകെ സീനിയർ വൈസ് പ്രസിഡന്റ് ഗുർമിന്ദർ റന്ധാവ, വൈസ് പ്രസിഡന്റ് സുധാകർ ഗൗഡ്, ജനറൽ സെക്രട്ടറി വിക്രം ദുഹാൻ (കേരള ചാപ്റ്റർ ഇൻ-ചാർജ്), ട്രഷറർ സന്ദീപ് സോണി, ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയേൽ, കേരള യൂത്ത് പ്രസിഡന്റ് എഫ്രേം സാം മാറ്റാപ്പള്ളി, ഐഒസി യുകെ കേരള ചാപ്റ്റർ ഭാരവാഹികളായ ജനറൽ സെക്രട്ടറി അഷ്റഫ് അബ്ദുള്ള, സെക്രട്ടറി മെബിൻ ബേബി, പിആർഒ അജി ജോർജ്, നേതാക്കളായ ബിബിൻ ബോബച്ചൻ, അലീന, അജാസ് മുഹമ്മദ്‌, സ്റ്റീഫൻ റോയി, അൽത്താഫ് ഷംസുദ്ധീൻ, ഡാർലിൻ ജോർജ് കടവൻ എന്നിവർ ഉൾപ്പടെ നിരവധി നേതാക്കൾ പ്രസംഗിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചാപ്റ്റർ കമ്മിറ്റി നേതാക്കളായ ഖലീലുള്ള, യാഷ് സോളങ്കി, ശ്രീനിവാസ്, വിശാൽ, സീനത്ത്, ബസു പട്ടീൽ, ജയന്ത് പട്ടേൽ, സയ്യിദ്, ജോസഫ് കൊച്ചുപറമ്പിൽ, ഷൈനു മാത്യു, ഷിജൻ ജോസ് ജോസഫ്, സെനിൽ, നസീൽ അലി എന്നിവർ ഉൾപ്പടെ ഉള്ളവർ നേതൃത്വം നൽകി.