ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടീഷ് മാനേജ്‌മെന്റ് കൺസൾട്ടിംഗ്, അക്കൗണ്ടിംഗ്, പിആർ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് റഷ്യയെ വിലക്കി ബ്രിട്ടൻ. യുകെ പുതുതായി പ്രഖ്യാപിച്ച ഉപരോധങ്ങളിൽ പെടുന്നതാണിത്. റഷ്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ഈ ഉപരോധത്തിലൂടെ കഴിയുമെന്ന് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് അഭിപ്രായപ്പെട്ടു. ഇത്തരം ഉപരോധങ്ങളിലൂടെ പുടിന്റെ പരാജയം ഉറപ്പാക്കാൻ കഴിയുമെന്നും ലിസ് കൂട്ടിച്ചേർത്തു. റഷ്യൻ മാധ്യമ സംഘടനകൾക്ക് എതിരെയും അവയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കെതിരെയും ഉപരോധം ഏർപ്പെടുത്തി. ഉപരോധം നേരിടുന്ന മാധ്യമ സംഘടനകളിൽ ഓൾ റഷ്യ സ്റ്റേറ്റ് ടെലിവിഷനും റേഡിയോ ബ്രോഡ്കാസ്റ്റിംഗും ഉൾപ്പെടുന്നു. വാർത്താ ഏജൻസിയായ ഇൻഫോറോസ്, വ്യാജ വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റായ സൗത്ത്ഫ്രണ്ട്, ഓൺലൈൻ ജേർണലായ സ്ട്രാറ്റജിക് കൾച്ചർ ഫൗണ്ടേഷൻ എന്നിവയും പട്ടികയിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റഷ്യൻ അധിനിവേശത്തിനു ശേഷം, 1,600 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യുകെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. പുടിനെതിരെ കൂട്ടമായി ഉപരോധം ഏർപ്പെടുത്തുന്നതിൽ പശ്ചാത്യ രാജ്യങ്ങൾ പരാജയപ്പെട്ടുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓൺലൈനിലൂടെ യുക്രൈൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനായി 300 മില്യൺ പൗണ്ടിന്റെ അധിക സൈനിക സഹായവും ജോൺസൻ പ്രഖ്യാപിച്ചു.


വരും ആഴ്‌ചകളിൽ യുക്രൈനിലേക്ക് അയയ്‌ക്കുന്ന യുദ്ധോപകരണങ്ങളിൽ കൗണ്ടർ ബാറ്ററി റഡാർ സംവിധാനം, ജിപിഎസ് ജാമറുകൾ, നൈറ്റ് വിഷൻ ഉപകരണം എന്നിവ ഉൾപ്പെടും. ഒറ്റപ്പെട്ടുപോയ യുക്രൈനിയൻ സൈനികർക്ക് സാധനങ്ങൾ എത്തിക്കാൻ കഴിയുന്ന ഹെവി ലിഫ്റ്റ് ഏരിയൽ ഡ്രോണുകളും യുകെ വിതരണം ചെയ്യുന്നുണ്ട്. റഷ്യക്കെതിരെ ചെറുത്തുനിൽപ്പ് തുടരുന്ന യുക്രൈന്റെ പോരാട്ടവീര്യത്തെ പ്രശംസിക്കാനും ജോൺസൻ മറന്നില്ല.