ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ വീടുകളുടെ വിലയിൽ 2023ന് ശേഷം ആദ്യമായി വാർഷിക ഇടിവ് രേഖപ്പെടുത്തി. ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ, വർധിച്ച ജീവിതച്ചെലവ്, ആഗോള രാഷ്ട്രീയ അനിശ്ചിതത്വം എന്നിവ ഭവന വിപണിയെ പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ട്. ലോയ്ഡ്സ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ വീടുകളുടെ ശരാശരി വില 0.4 ശതമാനം കുറഞ്ഞ് 2,98,468 പൗണ്ടായി. ജൂലൈയെ അപേക്ഷിച്ച് 685 പൗണ്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഭവന വിപണിയിലെ മാന്ദ്യത്തിന് പ്രധാന കാരണം ഉയർന്ന വായ്പാ ചെലവും പലിശനിരക്കിലെ അനിശ്ചിതത്വവുമാണ്. ഓഗസ്റ്റ് അവസാനം രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന്റെ ശരാശരി പലിശനിരക്ക് 5.6 ശതമാനവും അഞ്ച് വർഷത്തെ നിരക്ക് 5.66 ശതമാനവുമായിരുന്നു. വർഷത്തിന്റെ തുടക്കത്തിൽ ഇവ രണ്ടും അഞ്ച് ശതമാനത്തിൽ താഴെയായിരുന്നു. വീടുകളുടെ വില കുറയ്ക്കാൻ വിൽപ്പനക്കാർ വലിയ തോതിൽ തയ്യാറാകാത്തതും വാങ്ങുന്നവർ പലിശനിരക്കിലെ സാഹചര്യം കൂടുതൽ വ്യക്തമാകുന്നതുവരെ കാത്തിരിക്കുന്നതും വിപണിയിലെ ഇടപാടുകൾ കുറയാൻ കാരണമായി.

പ്രദേശങ്ങൾ തിരിച്ചുനോക്കുമ്പോൾ യുകെയിൽ വീടുകളുടെ വിലയിടിവിൽ മുന്നിൽ സൗത്ത് ഈസ്റ്റാണ്. ഇവിടെ വില 1.6 ശതമാനം കുറഞ്ഞ് ശരാശരി 3,81,729 പൗണ്ടായി. ഗ്രേറ്റർ ലണ്ടനിൽ 1.5 ശതമാനം ഇടിഞ്ഞ് ശരാശരി 5,34,177 പൗണ്ടിലെത്തി. അതേസമയം വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ 2.7 ശതമാനവും വടക്കുപടിഞ്ഞാറൻ മേഖലയിൽ രണ്ട് ശതമാനവും വില ഉയർന്നു. വടക്കൻ അയർലൻഡിലാണ് ഏറ്റവും ഉയർന്ന വാർഷിക വളർച്ച രേഖപ്പെടുത്തിയത്—6.9 ശതമാനം. സ്കോട്ട് ലൻഡിൽ 3.5 ശതമാനവും വെയിൽസിൽ 0.6 ശതമാനവും വില വർധിച്ചു.











Leave a Reply