ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെയും ലോകത്തിലെ തന്നെയും ഏറ്റവും വലിയ നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) ൻ്റെ തലപ്പത്തേയ്ക്ക് മലയാളി തിരഞ്ഞെടുക്കപ്പെട്ടു. യുകെ മലയാളി നേഴ്സും ആലപ്പുഴ സ്വദേശിയുമായ ബിജോയി സെബാസ്റ്റ്യൻ ആണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ക്രിട്ടിക്കൽ കെയറിൽ ജോലി ചെയ്യുന്ന സീനിയർ നേഴ്‌സ് ആണ് ബിജോയ് സെബാസ്റ്റ്യൻ . യുകെ മലയാളി സമൂഹത്തിലെ ഭൂരിപക്ഷം പേരും നേഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ തങ്ങളിലൊരാൾ തങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ തലപ്പത്ത് എത്തിയതിന്റെ സന്തോഷത്തിലാണ് യുകെ മലയാളി നേഴ്സുമാർ.

നേഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനായി കഴിഞ്ഞവർഷം ആർസിഎൻ നടത്തിയ എല്ലാ സമരങ്ങളുടെയും മുൻപന്തിയിൽ ബിജോയ് സെബാസ്റ്റ്യൻ ഉണ്ടായിരുന്നു. നേരത്തെ ഇൻ്റർനാഷണൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി അസോസിയേഷൻ ഫോറം നെറ്റ്‌വർക്ക് യുകെയുടെ ചെയർ എന്ന നിലയിൽ അദ്ദേഹത്തിൻറെ പ്രവർത്തനം സുത്യർഹമായിരുന്നു. ആർസിഎൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു യഥാർത്ഥ ബഹുമതിയാണെന്നും ഈ സ്ഥാനത്ത് ഇരുന്നു കൊണ്ട് ഒട്ടേറെ കാര്യങ്ങൾ പൂർത്തീകരിക്കാനുണ്ടെന്നും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ബിജോയ് സെബാസ്റ്റ്യൻ പറഞ്ഞു. ബിജോയ് സെബാസ്റ്റ്യൻ കേരളത്തിൽ ആലപ്പുഴ സ്വദേശിയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നേഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ 13 വർഷമായി അദ്ദേഹം യുകെയിൽ ജോലി ചെയ്തു വരികയാണ്. ബിജോയ് സെബാസ്റ്റ്യൻ്റെ ഭാര്യ ദിവ്യ ക്ലെമന്റ് ഹാമെർസ്‌മിത് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സ് ആണ്. ബിജോയിയുടെ സഹോദരി ബ്ലെസിയും ഭർത്താവ് ജിതിനും യുകെയിൽ നേഴ്‌സുമാരാണ്.

2025 ജനുവരി 1 മുതൽ 2026 ഡിസംബർ 31 വരെയുള്ള രണ്ട് വർഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. പ്രൊഫസർ അലിസൺ ലിയറി ആണ് ഡെപ്യൂട്ടി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത് . വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലെ സീനിയർ കൺസൾട്ടൻ്റും ലണ്ടൻ സൗത്ത്ബാങ്ക് യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് കെയർ മോഡലിംഗ് പ്രൊഫസറുമാണ് അലിസൺ . മാർക്ക് ജാർണലാണ് നേഴ്സിങ് സപ്പോർട്ട് ജീവനക്കാരെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത്. അഡെമോള അഡെസന്യയും വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്നു. ആർസിഎന്നിന്റെ പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട ബിജോയ് സെബാസ്റ്റ്യന് മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങൾ നേരുന്നു.