ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നോർത്തംബർലാൻഡിൽ ലോകപ്രശസ്തമായ സൈക്കമോർ ഗ്യാപ് മരം വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് 60കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഇയാളെ അറസ്റ്റ് ചെയ്തതായും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ തുടരുകയാണെന്നും നോർത്തുംബ്രിയ പോലീസ് പറഞ്ഞു. നേരത്തെ കസ്റ്റഡിയിൽ എടുത്ത 16 കാരനെ ജാമ്യത്തിൽ വിട്ടയച്ചു.

ലോകത്തിൽ ഏറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള റോമൻ നിർമ്മിത ഹാഡ്രിയൻസ് മതിലിന് സമീപം 200 വർഷത്തിലധികം പഴക്കമുള്ള പ്രശസ്ത സൈക്കാമോർ ഗ്യാപ്പ് എന്ന വൻ മരമാണ് ഒറ്റ രാത്രികൊണ്ട് വെട്ടിമാറ്റപ്പെട്ടത്. സംഭവം പ്രാദേശിക സമൂഹത്തിലും പുറത്തും വലിയ ഞെട്ടലും ദേഷ്യവും ഉണ്ടാക്കിയിട്ടുണ്ടെന്ന് നോർത്തുംബ്രിയ പൊലീസ് പറഞ്ഞു.റോബിൻ ഹുഡ്‌സ് ട്രീ എന്നറിയപ്പെടുന്ന മരം മനപ്പൂർവ്വം വെട്ടിമാറ്റിയതാണെന്ന് നാഷണൽ പാർക്ക് അതോറിറ്റി അധികൃതർ പ്രതികരിച്ചു. വൃക്ഷത്തിന് ഏകദേശം 300 വർഷത്തെ പഴക്കമാണ് പറയപ്പെടുന്നത്.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനംപിടിച്ച ഹാഡ്രിയന്റെ മതിലിലാണ് ഈ മരം സ്ഥിതിചെയ്യുന്നത്. റോമൻ സാമ്രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി സംരക്ഷിക്കുന്നതിനായി ഏകദേശം 1,900 വർഷങ്ങൾക്ക് മുമ്പാണ് ഈ മതിൽ നിർമ്മിച്ചത്.1991-ൽ കെവിൻ കോസ്റ്റ്‌നർ അഭിനയിച്ച റോബിൻ ഹുഡ്: പ്രിൻസ് ഓഫ് തീവ്‌സ് എന്ന സിനിമയിലൂടെയാണ് ഈ മരം ലോക ജനതയ്ക്ക് പരിചിതമായത്. 2016ൽ വുഡ്‌ലാൻഡ് ട്രസ്റ്റ് സംഘടിപ്പിച്ച മത്സരത്തിൽ ട്രീ ഓഫ് ദ ഇയർ ആയും സൈക്കാമോർ ഗ്യാപ്പ് തിരഞ്ഞെടുക്കപ്പെട്ടു.