ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതിപ്രകാരം ഫ്രാൻസിലേക്ക് തിരിച്ചയക്കുന്ന ഓരോ വ്യക്തിക്കും ശരാശരി 56,000 പൗണ്ട് ചെലവാകുന്നതായി ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് എംപിമാരെ അറിയിച്ചു. നികുതിദായകരുടെ പണം പദ്ധതിക്കായി ചെലവഴിക്കുന്നതിന്റെ പ്രയോജനത്തെക്കുറിച്ച് ഹോം അഫയേഴ്സ് സെലക്ട് കമ്മിറ്റി ചോദ്യം ചെയ്തപ്പോഴാണ് മന്ത്രി കണക്ക് വ്യക്തമാക്കിയത്. 2025 ഓഗസ്റ്റിൽ പദ്ധതി ആരംഭിച്ചതിന് ശേഷം ഏകദേശം 1,400 പേരെ ഫ്രാൻസിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ഇവരിൽ ചിലർ പിന്നീട് ലോറിയിലും ചെറുബോട്ടുകളിലുമായി വീണ്ടും ബ്രിട്ടനിലെത്തിയതായും റിപ്പോർട്ടുണ്ട്.

ചെലവ് കൂടുതലാണെങ്കിലും ബ്രിട്ടനിൽ ഒരാളെ ഒരു വർഷം ഹോട്ടലിൽ താമസിപ്പിക്കുന്നതിനുള്ള ചെലവിനേക്കാൾ കുറവോ ഏതാണ്ട് തുല്യമോ ആണെന്നാണ് മഹ്മൂദിന്റെ വിശദീകരണം. ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതിയുടെ ഭാഗമായി ചെറുബോട്ടുകളിൽ ബ്രിട്ടനിലെത്തുന്ന ഒരാളെ ഫ്രാൻസിലേക്ക് തിരിച്ചയയ്ക്കുകയും പകരം നിയമപരമായ മാർഗത്തിലൂടെ അഭയം തേടുന്ന ഒരാളെ ബ്രിട്ടനിലേക്ക് സ്വീകരിക്കുകയും ചെയ്യുന്നു. പദ്ധതി ഒക്ടോബർ വരെ നീട്ടിയിട്ടുണ്ടെങ്കിലും അതിനുശേഷം തുടരുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

പദ്ധതി വലിയ തോതിൽ നടപ്പാക്കുന്നതിന് തടസ്സങ്ങളുണ്ടെന്നും തിരിച്ചയയ്ക്കൽ നടപടികൾ വർധിപ്പിക്കാൻ തടങ്കൽ കേന്ദ്രങ്ങളിലെ സ്ഥലപരിമിതി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് ഒക്ടോബർ ഒന്നിന് ശേഷം ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതി തുടരേണ്ടതില്ലെന്ന നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതി പകരം യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള വിപുലമായ തിരിച്ചയയ്ക്കൽ കരാറിന്റെ ഭാഗമാക്കണമെന്നാണ് ഫ്രാൻസിന്റെ ആവശ്യം.











Leave a Reply