റ്റിജി തോമസ്

യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഇത്രയും ജന പങ്കാളിത്തം ഉണ്ടാകാനുള്ള കാരണം എന്തായിരിക്കും? പലരും എത്തിയിരിക്കുന്നത് 500 കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് . കേരളത്തിന്റെ സാംസകാരിക തനിമയോടുള്ള ഗൃഹാതുരത്വവും ഒരേ നാട്ടിൽനിന്ന് വിദൂര ദേശത്തു വന്നവർ തമ്മിൽ ഒത്തുചേരാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ ബഹിർസ്പുരണമാണ് അവിടെ കണ്ടത് . അതിന് നൃത്തവും സംഗീതവും മറ്റ് കലാരൂപങ്ങളും ഒരു നിമിത്തമായെന്നേയുള്ളു . ആരോഗ്യ രംഗമുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ജോലി ചെയ്യുമ്പോഴും തങ്ങളുടെ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും മലയാളി എന്ന തങ്ങളുടെ അസ്തിത്വം അന്വേഷിക്കുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശോപിക്കുകയും ചെയ്യുന്ന ഒട്ടേറെ വ്യക്തികളെ എനിക്ക് പരിചയപ്പെടാനായി .

പ്രവാസത്തിലേയ്ക്ക് കാലെടുത്തുവയ്ക്കുന്ന മലയാളിക്ക് താങ്ങും തണലുമായി എവിടെയും സഹായകമാകുന്നത് മലയാളി സംഘടനകളാണ്. യുകെയിലെ സ്ഥിതിയും വ്യത്യസ്തമല്ല . വിവിധ മേഖലകളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ബെർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി , ലെസ്റ്റർ കേരള കമ്മ്യൂണിറ്റി , കലാകേരളം ഗ്ലാസ്ഗോ എന്നീ സംഘടനകളെ ചടങ്ങിൽ ആദരിച്ചു.

മികച്ച സംഘാടകനുള്ള അവാർഡ് ലഭിച്ചത് ഫാ. മാത്യു മുളയോലിക്കായിരുന്നു. ലീഡ്സിലെ സെന്റ് മേരീസ് ആൻഡ് സെൻറ് വിൽഫ്രഡ് ഇടവകയുടെ അമരക്കാരനായ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിൽ ലീഡ്സിലെ സീറോ മലബാർ സഭ സ്വന്തമായി ഒരു ദേവാലയം കരസ്ഥമാക്കിയിരുന്നു. കേരളത്തിൽനിന്ന് കുടിയേറിയ സീറോ മലബാർ സഭാ അംഗങ്ങൾ യുകെയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ദേവാലയം സ്വന്തമാകുന്നത്. വെസ്റ്റ് യോർക്ക് ഷെയറിന് സമീപപ്രദേശങ്ങളിലെ മലയാളികൾ ഒത്തുചേർത്ത് തന്റെ നേതൃത്വപാടവത്തിന്റെ ഫലമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഒരു സംഘാടകൻ എന്ന നിലയിൽ ഫാ. മാത്യു മുളയോലി നിർവഹിച്ചു വന്നിരുന്നത്.

സ്പിരിച്വൽ റൈറ്റർ ഓഫ് ദി ഇയർ അവാർഡിന് അർഹനായ ഫാ. ഹാപ്പി ജേക്കബിന്റെ ഇരിപ്പിടം എൻറെ അടുത്ത് തന്നെയായിരുന്നു. മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളിലൂടെ എനിക്ക് സുപരിചിതനായിരുന്ന അച്ചനെ നേരിട്ട് കാണുന്നതും സംസാരിക്കുന്നതും ആദ്യമായിട്ടായിരുന്നു. മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ എന്നാണ് അവതാരക ഫാ. ഹാപ്പി ജേക്കബിനെ വിശേഷിപ്പിച്ചത് തികച്ചും ശരിയായിരുന്നു. ക്രിസ്തുമസ്സിനോടും ഈസ്റ്ററിനോടും അനുബന്ധിച്ചുള്ള എല്ലാ നോയമ്പ് ഞായറാഴ്ചകളിലും അദ്ദേഹത്തിൻറെ ലേഖനങ്ങൾ ഒരു പ്രാവശ്യം പോലും മുടക്കമില്ലാതെ മലയാളം യുകെ ന്യൂസിൽ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലെ അർപ്പണബോധം അദ്ദേഹത്തിൻറെ വ്യക്തിത്വത്തിൻ്റെ പ്രത്യേക സവിശേഷതയാണ് . യോർക്ക് ഷെയറിലെ ഹാരോ ഗേറ്റിൽ താമസിക്കുന്ന അച്ചൻ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ വികാരിയാണ്. കേരളത്തിൽ കൊല്ലത്തിനടുത്തുള്ള ചാത്തന്നൂർ ആണ് അദ്ദേഹത്തിൻറെ സ്വദേശം . ഹാരോഗേറ്റ് ആശുപത്രിയിൽ സർജറി പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്ന സഹധർമിണി ആനിയും മെഡിക്കൽ വിദ്യാർത്ഥിനിയായ മകൾ അന്ന നേഹയും സ്റ്റാൻഡേർഡ് 8 -ൽ പഠിക്കുന്ന മകൻ ജോഷ് ജേക്കബും അദ്ദഹത്തോടെ ഒപ്പം എത്തിയിരുന്നു. അവാർഡ് നൈറ്റിൽ വച്ച് പരിചയപ്പെട്ടതിനു ശേഷം പലപ്രാവശ്യം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി പിന്നീട് സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.

യുകെയിൽ നിന്ന് പണം സ്വരൂപിച്ച് വർഷങ്ങളായി കേരളത്തിലെ ഒട്ടനവധി ആളുകൾക്ക് സഹായം എത്തിച്ചു നൽകുന്ന ഇടുക്കി ചാരിറ്റി എന്ന സംഘടനയുടെ സെക്രട്ടറിയായ ഇടുക്കിയിലെ തടിയംമ്പാട് സ്വദേശിയായ ടോം ജോസിനാണ് മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് ലഭിച്ചത്.

 

യുകെ മലയാളികളിൽ ഭൂരിഭാഗം പേരും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നേഴ്സിംഗ് രംഗത്തെ മികവിനുള്ള അവാർഡിന് ഒട്ടേറെ പ്രാധാന്യങ്ങളുണ്ട്. നിലവിൽ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനാണ് മികച്ച നേഴ്സിനുള്ള അവാർഡ് ലഭിച്ചത്. ആരോഗ്യ രംഗത്തെ സംഭാവനകൾക്ക് ഒട്ടേറെ തവണ വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുള്ള മിനിജ ബക്കിംഗ്ഹാം പാലസിൽ എലിസബത്ത് രാജ്ഞിയുടെ ഗാർഡൻ പാർട്ടിയിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് . യൂറോപ്പിലെ തന്നെ ആദ്യത്തെ ലൈവ് പേഷ്യന്റ് ടു പേഷ്യൻ്റ് ലെഗ് വെയ്ൻ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് മലയാളി നേഴ്സുമാരിൽ മിനിജ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത കഴിഞ്ഞയിടെയാണ് അറിയാൻ സാധിച്ചത്.

കേരളത്തിൽനിന്ന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിയേറിയുന്ന മലയാളി നേഴ്സുമാർ ആരോഗ്യ മേഖലയ്ക്ക് നൽകുന്ന സംഭാവനകൾ ഓരോ മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്ന കാര്യങ്ങൾ തന്നെയാണ് .

സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള അവാർഡ് ലഭിച്ചത് ശ്രീ. ബൈജു വർക്കി തിട്ടാലയ്ക്കാണ്. കേരളത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് യുകെയിലെത്തി സുപ്രയത്നത്താൽ ഉയർന്നു വന്ന ആളാണ് ബൈജു തിട്ടാല . യുകെയിലെത്തിയ മലയാളികളിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിൽ നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് . പല വിഷയങ്ങളുമായി ബന്ധപ്പെട്ട് ബൈജുവുമായി പിന്നീട് ഒട്ടേറെ തവണ സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് . പിന്നീട് കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി ച മേയറായി ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടത് മലയാളികൾക്ക് ഏവർക്കും സന്തോഷം നൽകുന്ന വാർത്തയാണ് .

സമൂഹമാധ്യമങ്ങളിലൂടെ വിവിധ വിഷയങ്ങളിൽ പ്രതികരിക്കുകയും കുട്ടികൾക്ക് നൽകും ലൈംഗിക പാഠങ്ങൾ എന്ന പുസ്തകം രചിക്കുകയും ചെയ്ത ജോസ്നാ സാബു സെബാസ്റ്റ്യൻ , കർമ്മം കൊണ്ട് ഡോക്ടർ ആണെങ്കിലും നൃത്തത്തോടുള്ള അദമ്യമായ അഭിനിവേശം കൊണ്ട് കലയ്‌ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഡോ. രജനി പാലയ്ക്കൽ, വളരെ ചെറു പ്രായത്തിലെ എലിസബത്ത് രാജ്ഞി, മാർപാപ്പ തുടങ്ങിയവർക്ക് വിവിധ വിഷയങ്ങളെ അധികരിച്ച് കത്തുകളയച്ച് വാർത്തകളിൽ സ്ഥാനം പിടിച്ച കൃപാ തങ്കച്ചൻ, കുട്ടനാട്ടിലെ മുട്ടാർ സ്വദേശിയായ സാബു സെബാസ്റ്റ്യൻ തുടങ്ങിയവരെയെല്ലാം അവാർഡ് നൈറ്റിൻ്റെ വേദിയിൽ കണ്ടുമുട്ടുകയും പിന്നീട് സൗഹൃദം പുതുക്കുകയും ചെയ്ത വ്യക്തികളാണ്.

റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.