റ്റിജി തോമസ്

ഒരു നാടിൻറെ സാമൂഹിക സ്പന്ദനങ്ങളെ അടുത്തറിയാനുള്ള ഏറ്റവും എളുപ്പമാർഗം ജനങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ എത്തിച്ചേരുക എന്നുള്ളതാണ്. ആരാധനാലയവും വിദ്യാലയവും സൂപ്പർമാർക്കറ്റുകളും പബ്ബുകളുമൊക്കെ അങ്ങനെയുള്ള സ്ഥലങ്ങളാണ്. ഇതിന് ഞാൻ അവലംബിച്ച ഏറ്റവും പ്രധാനപ്പെട്ട മാർഗം യുകെയിലുള്ളപ്പോൾ എൻറെ സഹോദരൻ ജോജിയോടും കുടുംബത്തോടുമൊപ്പം അവർ പോകുന്ന സ്ഥലങ്ങളിൽ ഒപ്പം ചേരുക എന്നതായിരുന്നു. സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിലേയ്ക്ക് തിരിച്ച അവരുടെ ഒപ്പം ഞാനും കൂടി .

വെയ്ക്ക് ഫീൽഡിൽ ജോജിയുടെ വീട്ടിൽ നിന്ന് 2.7 മൈൽ മാത്രമേ മോറിസൺ സൂപ്പർമാർക്കറ്റിലേയ്ക്ക് ഉള്ളൂ .കഷ്ടിച്ച് 7 മിനിറ്റ് ഡ്രൈവ് . യുകെയിലായിരുന്നപ്പോൾ പല സൂപ്പർമാർക്കറ്റുകളിൽ പോയെങ്കിലും ചെന്നതിന്റെ അടുത്ത ദിവസം പോയ മോറിസൺ സൂപ്പർമാർക്കറ്റാണ് മനസ്സിൽ പച്ച പിടിച്ച് നിൽക്കുന്നത്. അതിന് പ്രധാനകാരണം ഒപ്പമുണ്ടായിരുന്ന ജോജിയും മിനിയും ഓരോ കാര്യങ്ങളെയും കുറിച്ച് വിവരിച്ചു തന്നതാണ്.

വെയ്ക്ക് ഫീൽഡിൽ നിന്ന് 15 മൈൽ മാത്രം ദൂരമുള്ള ബ്രാഡ് ഫോർഡിൽ 1899 -ൽ വില്യം മോറിസൺ ആണ് മോറിസണിന്റെ ആദ്യ ഷോപ്പ് ആരംഭിച്ചത്. ആദ്യകാലത്ത് മുട്ടയും ബട്ടറും മാത്രം വിൽക്കുന്ന കടയായിട്ടായിരുന്നു തുടക്കം . എന്നാൽ ഇന്ന് യുകെയിലുടനീളം 500 -ൽ അധികം സൂപ്പർമാർക്കറ്റുകളും ഒരു ലക്ഷത്തി ഇരുപതിനായിരം ജീവനക്കാരുമായി മോറിസൺ യുകെയിലെ തന്നെ ഒന്നാം നിര സൂപ്പർമാർക്കറ്റുകളുടെ ഗണത്തിലാണ്. ഒട്ടേറെ മലയാളികളും മോറിസന്‍റെ ഭാഗമായി ജോലിചെയ്യുന്നുണ്ട്. എടിഎം, ഫാർമസി , കഫേ, പെട്രോൾ സ്റ്റേഷൻ വിശാലമായ കാർ പാർക്കിംഗ് എന്നിവ ഉൾപ്പെടുന്ന സൂപ്പർമാർക്കറ്റിലെ സന്ദർശനം നൽകിയത് നല്ലൊരു അനുഭവമാണ് .

പാർക്കിങ്ങിനായുള്ള സ്ഥലത്ത് തന്നെ നമ്മുടെ നാട്ടിൽ നിന്നുള്ള വ്യത്യാസം ഒട്ടേറെയുണ്ട്. ശാരീരിക വൈഷമ്യമുള്ളവർക്കും കുട്ടികളുമായി വരുന്ന മാതാപിതാക്കൾക്കും വേണ്ടി കാർ പാർക്കിങ്ങിനായി പ്രത്യേക സ്ഥലം ഒരുക്കിയിരിക്കുന്നു.

എല്ലാ സൂപ്പർ മാർക്കറ്റുകളും തന്നെ കസ്റ്റമേഴ്സിന് സീസണൽ ആയിട്ടുള്ള ഓഫറുകൾ കൊടുക്കാറുണ്ട്. മോറിസണെ കൂടാതെ ആസ്ഡാ , ആൾഡി, ലിഡിൽ , സെയ്സ്ബറി എന്നീ സൂപ്പർ മാർക്കറ്റുകളും വെയ്ക്ക് ഫീൽഡിൽ ഉണ്ട് . മലയാളികൾ തമ്മിൽ നല്ലൊരു നെറ്റ് വർക്ക് ഉള്ളതുകൊണ്ട് നമ്മുടെ ഇഷ്ട വിഭവങ്ങൾ മാർക്കറ്റിൽ വരുമ്പോൾ മറ്റുള്ളവരെ അറിയിക്കുന്ന രീതിയും ഉണ്ട് . മലയാളികൾക്ക് ഇഷ്ടമുള്ള മത്തി പോലുള്ള ഭക്ഷ്യ വിഭവങ്ങൾ വന്നെന്ന് ആരെങ്കിലും കണ്ടാൽ ഉടൻതന്നെ മറ്റുള്ളവരെ അറിയിച്ച് കട കാലിയാക്കുമെന്ന് ചുരുക്കം.

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളികൾ ഉണ്ട് … മിനി പറഞ്ഞു.

നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായി എല്ലായിനം മദ്യവും സൂപ്പർമാർക്കറ്റുകളിൽ നിന്ന് മേടിക്കാൻ സാധിക്കും. സന്ദർശിച്ച എല്ലാ സൂപ്പർമാർക്കറ്റുകളിലും ആകർഷകമായ രീതിയിൽ എല്ലാവിധ മദ്യങ്ങളുടെയും വലിയ ഒരു ശേഖരം കാണാൻ സാധിച്ചു.

അതു കണ്ടപ്പോൾ നമ്മുടെ നാട്ടിലെ പ്രശസ്തമായ , നീണ്ട ക്യൂവിൽ നിസ്സഹായ മുഖത്തോടെ നിൽക്കുന്ന ആളുകളുടെ മുഖമാണ് ഓർമ്മ വന്നത്. സാധാരണ വീട്ട് സാധനങ്ങൾക്കൊപ്പം മദ്യവും വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി ഈ നാടിൻറെ സംസ്കാരത്തിന്റെയും ജീവിതരീതിയുടെയും ഭാഗമാണ്. കേരളത്തിലെ പോലെ മദ്യപിക്കുന്നവരും അല്ലാത്തവരും എന്ന വേർതിരിവ് ഇവിടെ കുറവാണ്. നമ്മുടെ സിനിമകളിലും മറ്റു ദൃശ്യമാധ്യമങ്ങളിലും മദ്യപാനവും മദ്യപിക്കുന്നവരും എപ്പോഴും കോമഡി കഥാപാത്രങ്ങൾ ആണല്ലോ. ഒരുപക്ഷേ അത് കേരളത്തിൻറെ മാത്രം പ്രത്യേകത ആയിരിക്കും.

തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തിന് ഭക്ഷണം ശേഖരിക്കുന്നതു പോലെയുള്ള സാമൂഹിക പ്രസക്തിയുള്ള ക്രമീകരണങ്ങൾ ഒട്ടുമിക്ക സൂപ്പർമാർക്കറ്റുകളിലും ഉണ്ട്

ഇംഗ്ലണ്ടിലെ സോഷ്യൽ ലൈഫിന്റെ ഭാഗമായ പബ്ബുകളെ കുറിച്ച് കൂടുതൽ പറഞ്ഞത് ജോജിയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് സംസ്കാരത്തിൻറെ ഭാഗമാണ് പബ്ബുകളും . ആളുകൾക്ക് ഒത്തുചേരാനും ചർച്ചകൾക്കായും ഉള്ള സ്ഥലത്തിനപ്പുറം ആ നാടിൻറെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പബ്ബുകൾ മാറി. പബ്ലിക് ഹൗസ് എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞ പബ്ബുകൾ ഇംഗ്ലണ്ടിന്റെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും അഭിവാജ്യ ഘടകങ്ങളാണ്.വെസ്റ്റ് യോർക്‌ഷെയറിന്റെ ഭാഗമായ വെയ്ക്ക് ഫീൽഡിൽ തന്നെയുണ്ട് നൂറിലധികം പബ്ബുകൾ .

കോവിഡ് മഹാമാരിയെ തുടർന്ന് പബ്ബുകൾ അടച്ചു പൂട്ടിയിരുന്നു . ലോക്ഡൗണിന് ശേഷം പുനരാരംഭിച്ച പബ്ബുകളിലൊന്നിൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സന്ദർശനം നടത്തിയതിന്റെയും ബിയർ നുണയുന്നതിന്റെയും ചിത്രങ്ങൾ അന്ന് വളരെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ആരാധനാലയങ്ങളും വിദ്യാലയങ്ങളും സൂപ്പർമാർക്കറ്റുകളും മറ്റ് ഒട്ടേറെ ടൂറിസ്റ്റ് പ്ലെയ്സുകളും സന്ദർശിച്ചെങ്കിലും സമയം പരിമിതി കൊണ്ട് യുകെയിലെ ഒരു പബ്ബ് സന്ദർശിക്കാൻ എനിക്കായില്ല.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

 

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

 

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി