ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുകെ-ചൈന ബന്ധത്തിന്റെ സുവർണ്ണകാലം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി ഋഷി സുനക്. പ്രധാനമന്ത്രി ആയതിനു ശേഷമുള്ള ആദ്യ വിദേശനയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുമായി ചുമതലയേറ്റതു മുതൽ ചൈനയോടുള്ള യുകെയുടെ നിലപാട് കർശനമാക്കാൻ സുനക് സമ്മർദ്ദം നേരിട്ടിരുന്നു.

നമ്മുടെ മൂല്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും ചൈന വെല്ലുവിളി ഉയർത്തുന്നുവെന്ന് തിരിച്ചറിയുന്നതായി സുനക് പറഞ്ഞു. കോവിഡ് ലോക്ക്ഡൗൺ നിയമങ്ങൾക്കെതിരെ ചൈനയിൽ കനത്ത പ്രതിഷേധം നടക്കുകയാണ്. ഞായറാഴ്ച ഷാങ്ഹായിൽ ഒരു പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പോലീസ് ബിബിസി മാധ്യമപ്രവർത്തകനെ ഉൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഇതിനെയും സുനക് വിമർശിച്ചു.

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കീഴിലായിരുന്നു ബ്രിട്ടനും ചൈനയും തമ്മിലുള്ള സുവർണ്ണകാലഘട്ടം. എന്നാൽ ലണ്ടനും ബീജിംഗും തമ്മിലുള്ള ബന്ധം പിന്നീട് വഷളായി. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളുമായി പ്രവർത്തിക്കുമെന്നും എതിരാളികളോട് നയതന്ത്രപരമായി എതിർത്തു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.