റ്റിജി തോമസ്
ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായി ബാഗേജ് കളക്ഷന് വേണ്ടി കാത്തു നിന്നപ്പോൾ ദുബായ് എയർപോർട്ടിൽ വച്ച് പരിചയപ്പെട്ട വിദ്യാർത്ഥിനികൾക്കായി കണ്ണോടിച്ചു. അവരോട് എനിക്ക് ഒരു മാനസിക അടുപ്പ് തോന്നിയിരുന്നു . ഒരാൾ ഇടുക്കിക്കാരിയും മറ്റേയാൾ പത്തനംതിട്ട സ്വദേശിനിയുമാണ്. ഇടുക്കി ജില്ലയിലെ മേരിഗിരിയും കട്ടപ്പനയും ഒട്ടേറെ നാൾ എന്റെ സ്വദേശമായിരുന്നതു കൊണ്ടും ഞാൻ ജോലി ചെയ്യുന്ന മാക്ഫാസ്റ്റ് കോളേജ് പത്തനംതിട്ട ജില്ലയിലായതുകൊണ്ടു മാകാം നാടും കൂടും വിട്ട് ബ്രിട്ടനിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന ആ വിദ്യാർത്ഥിനികളോട് ഒരു മാനസിക അടുപ്പം എനിക്ക് തോന്നാൻ ഇടയായത്. രണ്ട് പെൺകുട്ടികൾ ദുബായ് എയർപോർട്ടിൽ ചിരപരിചിത യാത്രക്കാരെ പോലെ ആത്മവിശ്വാസം തുളുമ്പുന്ന മുഖഭാഗത്തോടെ സംസാരിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ഒരുപക്ഷേ അവരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ടാവില്ല.
പക്ഷേ അപ്രതീക്ഷിതമായി എലിസബത്തിനെ വീണ്ടും കണ്ടു. ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് അമ്മമാരും യാത്രയിൽ ഒപ്പം ഉണ്ടായിരുന്നു. അമ്മമാർ എന്ന് എടുത്തു പറഞ്ഞതിൽ ഒരു കാര്യമുണ്ട്. ശരിക്കും അത് സമപ്രായക്കാരായ അമ്മമാരുടെ ഒരു കൂട്ടായ്മയായിരുന്നു. ഒരുപക്ഷേ ഒരേ ക്ലാസുകളിൽ പഠിക്കുന്ന എട്ടോളം കുട്ടികളുടെ അമ്മമാർ ചേർന്ന് ഇങ്ങനെ ഒരു കൂട്ടായ്മ എവിടെയെങ്കിലും ഉണ്ടായിരിക്കുമോ ?
അത് തന്നെയാണ് അവരുടെ സൗഹൃദത്തെക്കുറിച്ച് കൂടുതൽ അറിയാൻ എന്നെ പ്രേരിപ്പിച്ചതും. എലിസബത്തിന്റെയും കൂടെയുള്ള സുഹൃത്തുക്കളുടെയും മക്കൾ എല്ലാം ഒരേ സ്കൂളിൽ തന്നെ ചെറിയ ക്ലാസ്സു മുതൽ ഒന്നിച്ച് പഠിക്കുന്ന സഹപാഠികളാണ്. മക്കളുടെ സൗഹൃദവും കളിക്കൂട്ടുമാണ് ആ അമ്മമാരെ തമ്മിൽ അടുപ്പിച്ചതും. അങ്ങനെ ആ സൗഹൃദ കൂട്ടായ്മ വളർന്നു. വെറുതെ സൗഹൃദത്തിനപ്പുറം അവർ എല്ലാ വർഷവും യാത്രകൾ പോയി. വെറും യാത്രകളല്ല … രാജ്യാന്തര യാത്രകൾ … തങ്ങളുടെ ഭർത്താക്കന്മാരും കുട്ടികളും ഒന്നുമില്ലാതെ . കോവിഡ് കാലത്ത് ഒരു ഇടവേള വന്നു എന്നേയുള്ളൂ. ആദ്യം പാരീസിലേയ്ക്ക് . പിന്നെ ന്യൂയോർക്ക് … ഇപ്പോൾ ദുബായിൽ നാല് ദിവസത്തെ സന്ദർശനത്തിന് ശേഷം മാഞ്ചസ്റ്ററിലേയ്ക്ക് തിരിച്ചു വരുന്ന വഴിയാണ് എനിക്ക് എലിസബത്തിനെയും കൂട്ടുകാരെയും സഹയാത്രികരായി കിട്ടിയത്…
എലിസബത്തിന്റെയും കൂട്ടുകാരുടെയും അപൂർവ്വ സൗഹൃദത്തിൽ എന്നെ ആകർഷിച്ചത് അവർ നടത്തിയ രാജ്യാന്തര യാത്രകളായിരുന്നു. ക്ലാസ് മുറികളിൽ തങ്ങളുടെ കുട്ടികളുടെ ഇടയിൽ മൊട്ടിട്ട സൗഹൃദത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും എലിസബത്ത് പറഞ്ഞത് കടുത്ത വാചാലതയോടെയാണ്. എനിക്ക് എലിസബത്തിനോട് ആരാധന തോന്നി.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടന്റെ വ്യോമസേനയെ സഹായിക്കാനായി ആരംഭിച്ചതാണ് മാഞ്ചസ്റ്റർ എയർപോർട്ട് . മാഞ്ചസ്റ്ററുകാരിയായ അവർക്ക് ചരിത്രപരമായ കാര്യങ്ങളിൽ നല്ല ആവാഹമുണ്ടായിരുന്നു. വൈൻ പകർന്ന ലഹരി കൂടിയായപ്പോൾ അവർ കൂടുതൽ വാചാലയായി.
എലിസബത്തിനോട് യാത്ര പറഞ്ഞ് ലഗേജുമായി പുറത്തേക്ക് നടന്നു …
ഒരിക്കലും ഇനി കണ്ടുമുട്ടില്ലെങ്കിലും യാത്രയിൽ പരിചയപ്പെടുന്ന ചില മുഖങ്ങൾ, സൗഹൃദങ്ങൾ മനസ്സിന് നൽകുന്ന സന്തോഷം വലുതാണ്.
കൊച്ചി ദുബായ് യാത്രയിൽ സഹയാത്രികനായിരുന്ന ബേബി മാത്യുവും സംഘവും റോമിലേയ്ക്കുള്ള യാത്രയിലായിരുന്നു. അവിടെനിന്ന് ജറുസലേം ഉൾപ്പെടെയുള്ള വിശുദ്ധ നാടുകളുടെ സന്ദർശനമാണ് ലക്ഷ്യം. ഫ്ലൈറ്റ് ലാൻഡിങ്ങിന് മുമ്പ് ദുബായ് മാഞ്ചസ്റ്റർ ഫ്ലൈറ്റിലെ പൈലറ്റ് അനൗൺസ്മെന്റിലൂടെ സ്വയം പരിചയപ്പെടുത്തി. വിശാൽ ഫ്രം ഇന്ത്യ …. സ്വാഭാവികമായും അഭിമാനം തോന്നി. എന്നെങ്കിലും കണ്ടുമുട്ടാമെന്ന് പറഞ്ഞ് ലബനൻ കാരനായ ഫ്ലൈറ്റ് മാനേജർ ഹിഷാം ഗോഷൻ എനിക്ക് വാട്സ്ആപ്പ് നമ്പറും തന്നിരുന്നു . കഴിഞ്ഞ 7 വർഷമായി ഹിഷാം എമിറേറ്റ്സ് എയർലൈനൊപ്പമാണ് ജോലി ചെയ്യുന്നത്.
മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറത്ത് കടന്ന ഞാൻ അൽപ്പസമയം ശൂന്യതയിൽ ആയിരുന്നു… തമോഗർത്തത്തിൽ അകപ്പെട്ട പോലെ ….
ആ കഥ അടുത്ത ആഴ്ച …
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി
Leave a Reply