ലണ്ടന്‍: വെളളത്തിനടിയിലെ നഗരങ്ങളും ത്രീഡീ പ്രിന്റഡ് വീടുകളും എല്ലാം നൂറ് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട് തിംഗ്‌സ് ഫ്യൂച്ചര്‍ ലിവിംഗ് റിപ്പോര്‍ട്ടിലാണ് ഈ അമ്പരപ്പിക്കുന്ന വിവരങ്ങളുളളത്. സാംസങാണ് ഈ പഠനം സംഘടിപ്പിച്ചത്. വെളളത്തിനടിയില്‍ 25 നില കെട്ടിടങ്ങള്‍ പണിത് മനുഷ്യന് ജീവിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അക്കാഡമിക്കുകളും ശില്‍പ്പികളും നഗരാസൂത്രകരും വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാലയിലെ ലക്ചറര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. ആഴങ്ങളില്‍ നിര്‍മിക്കുന്ന കുമിള നഗരങ്ങളില്‍ മനുഷ്യന് ജീവിക്കാനാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. വ്യക്തിഗത ഡ്രോണുകളിലായിരിക്കും മനുഷ്യന്‍ അന്ന് സഞ്ചരിക്കുക. അവധിയാഘോഷങ്ങള്‍ക്ക് വീടുമായി പോകാനും മനുഷ്യര്‍ക്ക് കഴിയും.
ഒരു നൂറ്റാണ്ട് മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ നമ്മുടെ ജീവിതം ഇപ്പോള്‍ മാറി മറഞ്ഞിട്ടുണ്ടെന്ന് പഠനസംഘത്തിലുണ്ടായിരുന്ന ബഹിരാകാശ ശാസ്ത്രജ്ഞ മാഗി അഡെരിന്‍ പോകോക്ക് പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ നമ്മുടെ ആശയവിനിമയ സംവിധാനം ഏറെ മെച്ചപ്പെട്ടിരിക്കുന്നു, പഠനവും ജീവിത നിയന്ത്രണവും തന്നെ മാറിയിരിക്കുന്നു. പത്ത് വര്‍ഷം മുമ്പ് സ്മാര്‍ട്ട് തിംഗ്‌സ് സാങ്കേതികതയെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. ഇപ്പോള്‍ ഇത് നമ്മെ നിയന്ത്രിക്കുന്നു. ഒരു സ്മാര്‍ട്ട് ഫോണിലെ ഒരു വിരല്‍സ്പര്‍ശത്തിലൂടെ നമ്മുടെ ജീവിതത്തെ സുഭദ്രമാക്കാനും കഴിയുന്നു. അടുത്ത നൂറ്റാണ്ടില്‍ ഇതിലും വിപുലമായ മാറ്റങ്ങള്‍ക്ക് മനുഷ്യര്‍ സാക്ഷ്യം വഹിക്കും. വീടിനുളളിലെ ഉപകരണങ്ങള്‍ മാത്രമാകില്ല 3ഡി സാങ്കേതികത കൊണ്ട് മനുഷ്യന്‍ ഉണ്ടാക്കുക. മറിച്ച് വീടുകള്‍ തന്നെ ഇത് കൊണ്ട് നിര്‍മിക്കാനാകും. ഹോളോഗ്രാമുകളുപയോഗിച്ച് തൊഴിലിടങ്ങളിലെ മീറ്റിംഗുകള്‍ നടത്താനും കഴിയും.

നമുക്കിഷ്ടമുളള വിഭവങ്ങള്‍ മിനിറ്റുകള്‍ക്കുളളില്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിക്കാനാകും. ചന്ദ്രനിലും ചൊവ്വയിലും മനുഷ്യന്‍ കുടിയേറി പാര്‍ക്കാന്‍ തുടങ്ങും. ബഹിരാകാശത്തേക്കുളള വാണിജ്യ വിമാനങ്ങള്‍ ഇപ്പോള്‍ തന്നെ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. വീടുകളിലെ എല്‍ഇഡി സ്‌ക്രീനുകള്‍ കൊണ്ടുളള ചുമരുകള്‍ നിങ്ങളുടെ മൂഡിനും ആവശ്യത്തിനും അനുസരിച്ച് മാറ്റാനാകും.
സ്മാര്‍ട്ട് ഫോണ്‍ വിപ്ലവം നേരത്തെ തന്നെ സ്മാര്‍ട്ട് ഹോം വിപ്ലവത്തിന് തുടക്കമിട്ട് കഴിഞ്ഞു. നമ്മുടെ വീടുകള്‍ കൂടുതല്‍ സ്മാര്‍ട്ട് ആയിക്കൊണ്ടിരിക്കുന്നു. ആളുകളുടെയും വളര്‍ത്തു മൃഗങ്ങളുടെയും പുകയുടെയും ആര്‍ദ്രതയുടെയും വെളിച്ചത്തിന്റെയും ഒക്കെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലേക്ക് വീടുകള്‍ രൂപാന്തരം പ്രാപിച്ച് വരുന്നു. ഇതെല്ലാം ഒരു തുടക്കം മാത്രമാണെന്നാണ് പഠനസംഘത്തിന്റെ അഭിപ്രായം.