വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉപന്യാസങ്ങളും പ്രബന്ധങ്ങളും തയ്യാറാക്കാനുള്ള ജോലി ഓണ്‍ലൈനില്‍ ചെയ്യുന്ന എസ്സേ റൈറ്റിംഗ് സൈറ്റുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. എസ്സേ മില്ലുകള്‍ എന്ന് അറിയപ്പെടുന്ന ഇവ നിരോധിക്കണമെന്ന് 40 യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഗ്രി കോഴ്‌സുകളുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുകയാണ് ഇത്തരം സൈറ്റുകള്‍ ചെയ്യുന്നതെന്നും വൈസ് ചാന്‍സലര്‍മാര്‍ എഡ്യുക്കേഷന്‍ സെക്രട്ടറിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഏഴില്‍ ഒന്നു വീതം വിദ്യാര്‍ത്ഥികളെങ്കിലും എസ്സേ മില്ലുകളുടെ സേവനം ഉപയോഗിച്ചിട്ടുണ്ടെന്ന് അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു.
ഇത്തരം സര്‍വീസുകള്‍ ഓണ്‍ലൈനില്‍ നല്‍കുന്നത് നിയമവിരുദ്ധമല്ല. പക്ഷേ ഇവയില്‍ നിന്ന് തയ്യാറാക്കുന്ന പ്രബന്ധങ്ങള്‍ പിടിക്കപ്പെട്ടാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയോഗ്യരാക്കപ്പെടുന്നതുള്‍പ്പെടെയുള്ള ശിക്ഷകള്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് നല്‍കാന്‍ കഴിയും. അതുകൊണ്ടു തന്നെ എസ്സേ മില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെയാണ് ഏറ്റവും പ്രാഥമികമായി നിരോധിക്കേണ്ടതെന്നാണ് വൈസ് ചാന്‍സലര്‍മാര്‍ ആവശ്യപ്പെടുന്നത്. കുട്ടികളേക്കാള്‍ ഈ കമ്പനികളെയാണ് നിയമം ലക്ഷ്യമിടേണ്ടതെന്നും അവര്‍ പറയുന്നു. കമ്പനികളെ പൂര്‍ണ്ണമായും നിരോധിക്കുക എന്നതു മാത്രമാണ് ഇതിനുള്ള ഏക പോംവഴിയെന്ന് യൂണിവേഴ്‌സിറ്റീസ് മിനിസ്റ്റര്‍ സാം ഗ്യിമാ പറയുന്നു.
ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണ്. ഇത്തരം സൈറ്റുകള്‍ ഉപയോഗിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കണം. ജീവിതം തന്നെ മാറ്റിയേക്കാവുന്ന വിധത്തിലുള്ള ശിക്ഷകളായിരിക്കും ചിലപ്പോള്‍ നേരിടേണ്ടി വരികയെന്നും വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply