ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെയും വെയിൽസിലെയും യൂണിവേഴ്സിറ്റികളിലുള്ള കോഴ്സുകളെ സംബന്ധിച്ച് വിദ്യാർത്ഥികളുടെ പരാതികൾ റെക്കോർഡ് കണക്കിലെന്നുള്ള പുതിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ലഭിച്ചിരിക്കുന്ന പരാതികളിൽ മൂന്നിലൊന്ന് ഭാഗവും കോവിഡ് മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധികളെ സംബന്ധിച്ചാണ്. വിദ്യാർഥികൾക്ക് മാത്രം ലഭിച്ചിരിക്കുന്ന നഷ്ടപരിഹാരത്തുക 1.3 മില്യൺ പൗണ്ടിലധികമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്റ്റാഫുകളുടെ പ്രശ്നങ്ങളും, കോവിഡ് മൂലം പരാതികളും മറ്റും നൽകുന്നതിൽ വന്ന താമസവും എല്ലാമാണ് ഇത്രയും ഉയർന്ന കണക്കുകൾ രേഖപ്പെടുത്തുന്നതിന് ഇടയായത് എന്നാണ് നിഗമനം. ഓഫീസ് ഓഫ് ദി ഇൻഡിപെൻഡന്റ് അഡ് ജൂഡികേറ്ററിനാണ് വിദ്യാർഥികൾ എല്ലാംതന്നെ പരാതി നൽകിയിരിക്കുന്നത്. സാധാരണരീതിയിൽ പ്രതീക്ഷിച്ചതു പോലെയുള്ള ഒരു പഠനാനുഭവം ലഭിച്ചില്ലെന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും പരാതികളിൽ ഉന്നയിക്കുന്നുണ്ട്. 2021 ൽ മാത്രം വിദ്യാർത്ഥികൾ നൽകിയ പരാതികൾ മുൻവർഷത്തേക്കാൾ 6 ശതമാനം കൂടുതലാണ്.


ലബോറട്ടറികളും മറ്റും വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിച്ചില്ലെന്നുള്ളതും പരാതികളിൽ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ വിദഗ്ധരായ സ്റ്റാഫുകളുടെ സേവനവും വിദ്യാർത്ഥികൾക്ക് ലഭിച്ചില്ല എന്ന പരാതിയുമുണ്ട്. നിരവധി വിദ്യാർത്ഥികൾക്ക് വളരെയധികം തുക നഷ്ടപരിഹാരം നൽകേണ്ടതായും വന്നിട്ടുണ്ട്. എന്നാൽ കോവിഡിനോട് ക്രിയാത്മകമായി പ്രതികരിച്ചു എന്നാണ് യൂണിവേഴ്സിറ്റികൾ നൽകുന്ന വിശദീകരണം.