നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലം ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടന്നുവെന്ന് വാർത്ത നിഷേധിച്ച് താരത്തിന്റെ പിതാവ്. ഒറ്റപ്പാലത്തെ ഓഫീസിലെത്തിയത് തങ്ങളെ കാണാനെത്തിയ ഒരു വി.ഐ.പി ആണെന്നാണ് ഉണ്ണി മുകുന്ദന്റെ വിശദീകരിച്ചതെന്ന് റിപ്പോർട്ട്. അതേസമയം താരത്തിന്റെ ഓഫീസിൽ നടന്ന റെയ്ഡ് സംബന്ധിച്ച് റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ ഇ.ഡി വാർത്താക്കുറിപ്പും പുറത്തുവിട്ടേക്കും.

ഇ.ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായിട്ടാണ് നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിൽ പരിശോധന നടത്തിയത്. റെയ്ഡ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നതായിട്ടാണ് വിവരം. രണ്ട് കാറുകളിലായിട്ടായിരുന്നു ഉദ്യോ​ഗസ്ഥരെത്തിയത്. ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ആദ്യ ചിത്രം മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പണിമിടപാടുകളിൽ പരാതി ഉയർന്നതിനെ തുടർന്നാണ് റെയ്ഡ് എന്നാണ് ഇ.ഡിയിൽ നിന്ന് ലഭിക്കുന്ന സൂചന. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വരാനുണ്ട്.

ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മാണ വേഷത്തിലെത്തുന്ന ചിത്രത്തിൽ താരം തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജു കുര്യനാണ് മേപ്പടിയാനിൽ നായികാ വേഷത്തിലെത്തുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവർ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിർവ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂർത്തീകരിച്ചത്. സിനിമ ജനുവരി 14ന് തിയറ്ററുകളിലെത്തും.