അമ്പലപ്പുഴയിൽ ചിട്ടി പണം ചോദിക്കാനെത്തിയ ദമ്പതികള്‍ തീ കത്തി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചിട്ടി നടത്തിപ്പുകാരന്‍ പെട്രോളൊഴിച്ച് കത്തിച്ചെന്ന മരണമൊഴിയെത്തുടര്‍ന്ന് അമ്പലപ്പുഴ സ്വദേശി സുരേഷ് ഭക്തവൽസലനെ കസ്റ്റഡിയിൽ എടുത്തു. ഇടുക്കി കീരിത്തോട് സ്വദേശികളായ വേണു, ഭാര്യ സുമ എന്നിവരാണ് അതിദാരുണമായി മരിച്ചത്.

രാത്രി ഏഴേമുക്കാലോടെയാണ് അമ്പലപ്പുഴ പോസ്റ്റോഫീസിനു സമീപത്തുള്ള വീട്ടില്‍ തീ പടര്‍ന്നത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കത്തിക്കരിഞ്ഞ നിലയില്‍ വീട്ടില്‍ കണ്ട ഇടുക്കി സ്വദേശികളായ ദമ്പതികളെ മെഡിക്കല്‍ കോളജിലെത്തിച്ചു. നിക്ഷേപിച്ചിരുന്ന പണം തിരികെ ചോദിക്കാനെത്തിയപ്പോള്‍ ചിട്ടി നടത്തിപ്പുകാരന്‍ പെട്രോളൊഴിച്ച് കത്തിച്ചതായാണ് ഇടുക്കി കീരിത്തോട് സ്വദേശികളായ വേണു ഭാര്യ സുമ എന്നിവര്‍ മരണമൊഴി നല്‍കിയിരിക്കുന്നത്. പത്തുമണിയോടെ ഇരുവരും മരിച്ചു. അമ്പലപ്പുഴ കോമനവെളിയില്‍ വീട്ടില്‍ സുരേഷ് ഭക്തവൽസലനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ തീവച്ചതാണോ അതോ ദമ്പതികള്‍ സ്വയം കത്തിച്ചതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല

അഞ്ചുലക്ഷം രൂപയുടെ മൂന്ന് ചിട്ടികളാണ് ഇവര്‍ക്കുണ്ടായിരുന്നത്. മൂന്നുലക്ഷത്തി അറുപതിനായിരം രൂപ ലഭിക്കാനുള്ളത് വാങ്ങാനാണ് ഇടുക്കിയില്‍ നിന്ന് അമ്പലപ്പുഴയില്‍ വന്നത്. മരിച്ച വേണുവിന്‍റെ ജേഷ്ടന്‍റെ മകളുടെ കല്യാണത്തിനായി പണം വേണമെന്നും അതിനാല്‍ കുടിശിക ഉടന്‍ ലഭ്യമാക്കണമെന്നുമായിരുന്നു ദമ്പതികളുടെ ആവശ്യം. പണം ചോദിച്ചുള്ള തർക്കത്തിനിടെ സുരേഷ് പെട്രോൾ ഒഴിച്ചു തീ കൊളുത്തി എന്നാണ് ദമ്പതികൾ നൽകിയ മൊഴി. സുരേഷ് നടത്തിയിരുന്ന ചിട്ടി കമ്പിനി നാലുവര്‍ഷം മുമ്പ് പൊട്ടിയിരുന്നു. ഇയാള്‍ക്കെതിരേ പതിനെട്ടു കേസുകള്‍ നിലവിലുണ്ട്.