ഐവിഎഫ് ചികിത്സ എന്ന രീതിയെപ്പറ്റി പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇത്തരം ആധുനിക ചികിത്സാരീതികളെയെല്ലാം സംശയത്തോടും ആശങ്കയോടും കൂടി സമീപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ശരിയായ നിയമങ്ങളും മാനദണ്ഡങ്ങളുമൊന്നും നിശ്ചയിക്കപ്പെടാതിരുന്ന സമയത്തായിരുന്നു ഇത്. എന്നാൽ മാതാപിതാക്കളുടെ അറിവില്ലാതെ അമേരിക്കയിൽ ഒരു ഡോക്ടർ നൂറുകണക്കിന് കുട്ടികളുടെ അച്ഛനായ വാർത്തയാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്.
ഡോ. ഫിലിപ്പ് പെവെൻ എന്ന ഡോക്ടറാണ് നാലു പതിറ്റാണ്ട് നീണ്ട സേവന കാലയളവിനിടെ നൂറുകണക്കിന് ദമ്പതികൾക്ക് അവരറിയാതെ സ്വന്തം ബീജം നൽകിയത്. നാൽപതുവർഷത്തിനിടെ തന്റെ കീഴിൽ ചികിത്സയ്ക്കെത്തിയ ദമ്പതികളിലൂടെ ഏകദേശം 9000 കുട്ടികളുടെ പ്രസവത്തിനാണ് ഡോക്ടർ നേതൃത്വം നൽകിയത്. ഇപ്പോൾ ഈ കുട്ടികളിൽ ചിലരാണ് ഓൺലൈൻ ഡിഎൻഎ പരിശോധനയിലൂടെ തങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ഡോക്ടറുടെ ഡിഎൻഎയിലൂടെ തങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
2019ൽ ജെയിം ഹാൾ എന്ന 61കാരി ഡോക്ടറെ സമീപിച്ചപ്പോൾ താനാണെന്ന് യഥാർത്ഥ അച്ഛനെന്ന് ഡോക്ടർ സമ്മതിച്ചതായാണ് വെളിപ്പെടുത്തൽ. ഇങ്ങനെ ഒട്ടനവധി ദമ്പതിമാർക്ക് തന്റെ ബീജം ഉപയോഗിച്ചിട്ടുണ്ടെന്നും ഡോക്ടർ സമ്മതിച്ചത്രെ. മിഷിഗണിലെ ഡെട്രോയിറ്റിലാണ് ഡോക്ടർ മെഡിക്കൽ പ്രാക്ടീസ് നടത്തിയിരുന്നത്. തന്റെ അച്ഛനും അമ്മയും മരിച്ചുവെന്നും അവർ വിചാരിച്ചിരുന്നത് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിന്റെ ബീജമാണ് ഡോക്ടർ ഉപയോഗിച്ചത് എന്നായിരുന്നുവെന്നും ജെയിം ഹാൾ പറയുന്നു.
ഓൺലൈൻ വഴി തന്റെ ഡിഎൻഎയുമായി സാമിപ്യമുള്ള അഞ്ചുപേരെ കണ്ടെത്തിയതായും ഇവർ പറയുന്നു. തങ്ങൾ അഞ്ചുപേർ മാത്രമല്ലെന്നും നൂറുകണക്കിന് പേർ സഹോദരങ്ങളായി കാണുമെന്നാണ് ഹാള്‍ വിശ്വസിക്കുന്നത്. ”ഞങ്ങളെല്ലാവരും ഒരേ ആശുപത്രിയിലാണ് ജനിച്ചത്. എല്ലാവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിലും ഡോക്ടറുടെ പേരുണ്ട്”- ഹാളിനെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളില്ലാതിരുന്നതിനാലാണ് 1950കളുടെ തുടക്കത്തിൽ തന്റെ മാതാപിതാക്കൾ ഡോക്ടർ ഫിലിപ്പ് പെവെന്റെ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും 61 കാരി പറയുന്നു.
1956ലാണ് ഹാളിന്റെ മൂത്ത സഹോദരിയായ ലിന്നിന് അമ്മ ജന്മം നൽകിയത്. 1959ൽ ഹാളിനും അവർ ജന്മം നൽകി. രണ്ട് കുട്ടികളുടെ പ്രസവവും ഡോക്ടർ ഫിലിപ്പിന്റെ മേൽനോട്ടത്തിലായിരുന്നു. 2008ലാണ് താനും സഹോദരിയും അച്ഛന്റെ മക്കളല്ലെന്ന് മനസിലാക്കുന്നത്. 2017ൽ ഒരു ടെസ്റ്റ് നടത്തി ഇക്കാര്യം സ്ഥിരീകരിച്ചു. 2019ലാണ് തന്റെ യഥാർത്ഥ അച്ഛനെ കണ്ടെത്താൻ ഹാൾ ശ്രമം തുടങ്ങിയത്. തുടർന്ന് ഓൺലൈൻ സൈറ്റുകളിലൂടെ നടത്തിയ തെരച്ചിലിലൂടെയാണ് തന്റെ ഡിഎൻഎയുമായി സാമ്യമുള്ളവരെ ഹാൾ കണ്ടെത്തിയത്.
104 വയസുള്ള ഡോക്ടർ പെവെൻ ഇപ്പോഴും മിഷിഗനിൽ ജീവിച്ചിരിപ്പുണ്ട്. തുടർന്ന് ഡോക്ടറെ പോയി നേരിട്ട് കണ്ടു. തന്റെ രക്ഷിതാക്കളുടെ ചിത്രം കാണിച്ചു. ചിത്രം കണ്ട് ഡോക്ടർ അവരെ തിരിച്ചറിഞ്ഞു. താൻ മാത്രമല്ലെന്നും, ആശുപത്രിയിലെ ഒരു സംഘം ഡോക്ടർമാരും അവരുടെ സ്വന്തം ബീജം ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നുവെന്നും പെവെൻ പറയുന്നു. 1947 മുതൽ താൻ ബീജദാനം ചെയ്യുന്നുണ്ടെന്നും ഡോക്ടർ വെളിപ്പെടുത്തി. എന്തായാലും സംഭവിച്ചതിലൊന്നും വിഷമമില്ലെന്നും ജെയിം ഹാൾ പറയുന്നു.
Leave a Reply