അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ആറ് ചെക്ക് പോസ്റ്റുകൾ വഴി മലയാളികൾ എത്തിത്തുടങ്ങി. ഇലക്ട്രോണിക് പാസുകൾ ലഭിച്ചവരാണ് എത്തുന്നത്. കളിയിക്കാവിള, കുമളിചെക്ക് പോസ്റ്റ്, പാലക്കാട് വാളയാർ ചെക്ക് പോസ്റ്റ്, വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റ്, കാസർഗോഡ് തലപ്പാടി ചെക്ക് പോസ്റ്റ്, കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റുകൾ വഴിയാണ് ആളുകൾക്ക് കേരളത്തിലേക്ക് വരാനുള്ള സൗകര്യം ഒരുക്കിയത്.

കളിയിക്കാവിള ചെക്ക് പോസ്റ്റു വഴി ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇവരെ വീടുകളിലേക്ക് വിടുക. വാളയാർ വഴിയും കുമളി ചെക്ക് പോസ്റ്റ് വഴിയും ആളുകൾ വരുന്നുണ്ട്. കമ്പം തേനി മേഖലകൾ ഹോട്ട് സ്പോട്ട് ആയതിനാൽ ആ വഴിയുള്ള യാത്ര ഒഴിവാക്കാൻ തേനി കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

വയനാട് കർണാടക അതിർത്തിയായ മുത്തങ്ങയിൽ രാവിലെ വലിയ തിരക്ക് ആരംഭിച്ചിട്ടില്ല. അവർക്കുള്ള പാസ് നൽകിത്തുടങ്ങുന്നേയുള്ളൂ. എട്ട് മണിക്ക് മൈസൂരിൽ നിന്നും പുറപ്പെട്ട സംഘം അല്പസമയത്തിനകം എത്തുമെന്നാണ് റിപ്പോർട്ട്.

അതേ സമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും വാഹന സൗകര്യം ഒരുക്കാൻ സർക്കാരിന് കഴിയില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. സംസ്ഥാന അതിർത്തിയിൽ നിന്നും വീടുകളിലേക്ക് പോകുന്നവർ സ്വന്തം വാഹനങ്ങളിലോ വാടകയ്ക്ക് വാഹനം വിളിച്ചോ എത്തണമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ സംസ്ഥാനത്ത് പുറത്തുള്ള സൈനികർക്കും കുടുംബത്തിനും നാട്ടിലേക്ക് എത്താൻ പ്രത്യേക പരിഗണന നൽകും. സർക്കാരിനെ നേരിട്ട് ബന്ധപ്പെട്ടാൽ അതിനുള്ള നടപടികൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നോർക്കയിൽ രജിസ്റ്റർ ചെയ്ത് ഇ പാസ് കിട്ടിയാൽ കേരളത്തിലേക്ക് എത്തുന്നതിന് മറ്റു തടസങ്ങളുണ്ടാവില്ലെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തത് 1,50,054 മലയാളികളാണ്. നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്കാണ് പാസ് നൽകുന്നത്.