കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ അമേരിക്കയിൽ തോക്കുകളുടെയും വെടിമരുന്നിന്റെയും വിൽപ്പന കുതിച്ചുയരുകയാണ്. വൈറസ് മൂലം സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭയമാണ് ചില അമേരിക്കക്കാരെ സ്വയം സംരക്ഷണത്തിനുള്ള ഒരു മാർഗ്ഗമായി തോക്കുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പടിഞ്ഞാറൻ തീരത്തുള്ള ആയുധ കടകൾക്ക് പുറത്ത് വലിയ ക്യൂ പ്രകടമായിരുന്നു. കാലിഫോർണിയയിലെ കൽവർ സിറ്റിയിലെ മാർട്ടിൻ ബി റിറ്റിംഗ് തോക്ക് ഷോപ്പിൽ കഴിഞ്ഞ ഒരാഴ്ചയായി ക്യൂ ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ല.

‘നമുക്ക് തോക്കുകൾ ആവശ്യമില്ലെന്ന് രാഷ്ട്രീയക്കാരും തോക്ക് വിരുദ്ധരും വളരെക്കാലമായി നമ്മോട് പറയുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ, അവരടക്കം ധാരാളം ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നത്. എന്തുചെയ്യണമെന്ന്‌ സ്വയം തീരുമാനിക്കാം’ എന്നാണ് ഒരു ഉപഭോക്താവ് ‘ലോസ് ആഞ്ചലസ് ടൈംസിനോട്’ പറഞ്ഞത്. തന്റെ സ്റ്റോറിൽനിന്നും ഇത്തരത്തിൽ വൻതോതിൽ ആയുധ വിൽപ്പന നടക്കുന്നത് ആദ്യമാണ് എന്ന്‌ നോർത്ത് കരോലിനയിലെ ഷാർലറ്റിലുള്ള ഹയാട്ട് ഗൺസ് എന്ന രാജ്യത്തെ ഏറ്റവും വലിയ തോക്ക് ഷോപ്പുകളുടെ ഉടമ ലാറി ഹയാട്ട് പറയുന്നു. ‘തങ്ങളെയും കുടുംബത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആളുകൾക്ക് തോന്നി തുടങ്ങിയതാണ് തോക്കുകളും വെടിക്കോപ്പുകളും വാങ്ങുന്നതിനുള്ള വലിയ തിരക്കിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാന ഓൺലൈൻ തോക്ക് കച്ചവടക്കാരനായ ആംമോ ഡോട്ട് കോം ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയുള്ള വിൽപ്പനയുടെ കണക്കുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 23 വരെയുള്ള 11 ദിവസത്തെ അപേക്ഷിച്ച് അതിനു ശേഷമുള്ള 11 ദിവസത്തെ വിൽപ്പന 68 ശതമാനമാണ് വർദ്ധിച്ചത്. നോർത്ത് കരോലിന, ജോർജിയ എന്നിവിടങ്ങളിൽ വിൽപ്പന യഥാക്രമം 179 ശതമാനവും 169 ശതമാനവും ഉയർന്നു. പെൻ‌സിൽ‌വാനിയ, ടെക്സസ്, ഫ്ലോറിഡ, ഇല്ലിനോയിസ്, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും തോക്കുകളുടെയും വെടിക്കോപ്പുകളുടെയും വിൽപ്പന കുതിച്ചുയരുകയാണ്.