സ്വന്തം ലേഖകന്‍
ബര്‍മിംഗ്ഹാം: യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ (യുക്മ) അര്‍ദ്ധ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജനുവരി പതിനാറ് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ച് നടക്കും. നിലവിലെ ഭരണ സമിതി നേതൃത്വം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ പൊതുയോഗം എന്ന പ്രത്യേകത കൂടി ബര്‍മിംഗ്ഹാമില്‍ നടക്കാന്‍ പോകുന്ന മീറ്റിംഗിന് ഉണ്ട്. കഴിഞ്ഞ ആറു മാസക്കാലത്തെ യുക്മ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും, മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഒക്കെ ഈ ജനറല്‍ ബോഡി യോഗത്തിലാണ്.
യുക്മ അംഗ അസോസിയേഷനുകള്‍ക്ക് നേതൃത്വവുമായി നേരിട്ട് സംവദിക്കാനുള്ള അവസരം കൂടിയാണ് യുക്മ ജനറല്‍ ബോഡി യോഗം. അംഗ അസോസിയേഷനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന്‍ വീതം യുക്മ പ്രതിനിധികള്‍ക്കും അംഗ അസോസിയേഷനുകളുടെ പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ക്കുമാണ് യുക്മ ജനറല്‍ ബോഡി യോഗങ്ങളില്‍ സംബന്ധിക്കാനുള്ള അവകാശം. യുക്മ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് അംഗീകാരം നേടുന്നതും, പ്രവര്‍ത്തന ശൈലി ചര്‍ച്ച ചെയ്യപ്പെടുന്നതും ഒക്കെ ജനറല്‍ ബോഡി യോഗങ്ങലിലാണ്.
പ്രധാനപ്പെട്ട ചില ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യപ്പെടുമെന്നതിനാല്‍ ഈ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കുന്ന അര്‍ദ്ധ വാര്‍ഷിക പൊതുയോഗം വളരെ പ്രധാനപ്പെട്ടതാണ് എന്നും എല്ലാ അംഗ അസോസിയെഷനുകളും തങ്ങളുടെ പ്രതിനിധികളെ അയച്ച് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കണമെന്നും യുക്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ ജനറല്‍ ബോഡി യോഗം നടക്കുന്ന വേദിയുടെ വിലാസം ഉടന്‍ തന്നെ എല്ലാവരെയും അറിയിക്കുന്നതാണ് എന്നും യുക്മ സെക്രട്ടറി സജീഷ് ടോം പറഞ്ഞു.