വാടാനപ്പള്ളിയിൽ അടഞ്ഞുകിടന്ന വീട്ടിൽ അമൽ കൃഷ്ണയുടെ മൃതദേഹം കിടന്നതിനു സമീപം കണ്ടെത്തിയ ബ്ലൂടൂത്ത് ഹെഡ്ഫോൺ ദുരൂഹത സൃഷ്ടിക്കുന്നു. അമലിനു ബ്ലൂടൂത്ത് ഹെഡ്ഫോൺ ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കൾ തറപ്പിച്ചു പറയുന്നു. വീട്ടിൽ നിന്നു പോയശേഷം ഹെഡ്ഫോൺ വാങ്ങിയിരിക്കാം എന്ന സാധ്യതയും ബന്ധുക്കൾ തള്ളി.

കാണാതായ ദിവസം അമലിന്റെ കൈവശം ഒരു രൂപ പോലും ഉണ്ടായിരുന്നില്ല എന്നും വീട്ടുകാർ പറയുന്നു. അതേസമയം, അമലിന്റെ മരണത്തിൽ വീട്ടുകാർക്കു സംശയമോ പരാതിയോ ഉണ്ടെങ്കിൽ ഊർജിതമായി അന്വേഷിക്കുമെന്നു റൂറൽ പൊലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. 6 മാസം മുൻപ് അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിലേക്കു പോയപ്പോൾ കാണാതായ പതിനേഴുകാരൻ അമൽ കൃഷ്ണയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.

തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം പ്രവാസിയുടെ 15 വർഷമായി അടഞ്ഞുകിടക്കുന്ന വീട്ടിലായിരുന്നു മൃതദേഹം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നു. അമലിനെ കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൈവശമുണ്ടായിരുന്ന ഫോൺ, സിം കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ മൃതദേഹത്തിൽ നിന്നു കണ്ടെടുത്തു.

എന്നാൽ, അമലിന്റേതല്ലാത്ത ഏക വസ്തുവായി മൃതദേഹത്തിന് സമീപത്തു കണ്ടെത്തിയത് ഒരു ബ്ലൂടൂത്ത് ഹെഡ്ഫോൺ ആണ്. മൃതദേഹത്തിൽ നിന്ന് അൽപം ദൂരെയായാണ് ഇതു കിടന്നിരുന്നത്. ഇത് എവിടെ നിന്നു വന്നു, അമലിന്റെ ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ടോ, മറ്റാരുടെയെങ്കിലും കയ്യിൽ നിന്നു വീണുപോയതാണോ എന്നീ വിവരങ്ങളിൽ പൊലീസ് തുടരന്വേഷണം നടത്തും.

അമൽ കൃഷ്ണയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം കുന്നംകുളം റോയൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പ്രവാസിയായ അച്ഛൻ സനോജ് മസ്കത്തിൽ നിന്നു തിരിച്ചെത്തിയ ശേഷം ഇന്നു സംസ്കാരം നടത്തിയേക്കും. അമലിന്റേത് ആത്മഹത്യ തന്നെ എന്നതാണു പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും തുടരന്വേഷണത്തിനു തടസ്സമുണ്ടാകില്ല.

‘എന്റെ മകനെ കൊലയ്ക്കു കൊടുത്തവർ ആരാണെന്ന് എനിക്കറിയണം, അവരെ എനിക്കു കിട്ടണം..’ നെഞ്ചുനീറി കരഞ്ഞുകൊണ്ട് അമൽ കൃഷ്ണയുടെ അമ്മ ശിൽപ പറയുന്നു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ശിൽപയുടെയും കുടുംബാംഗങ്ങളുടെയും നിലപാട്. ‘എന്റെ മകന്റെ ശരീരം തിരിച്ചറിയാൻ ഞാൻ പോയിരുന്നു. അവിടെയൊരു ബ്ലൂടൂത്ത് ഹെഡ്ഫോൺ കിടപ്പുണ്ടായിരുന്നു.

  റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു; ദമ്പതികൾക്ക് ദാരുണ അന്ത്യം, ബൈക്കിനായി തിരച്ചിൽ....

അതെവിടെ നിന്നു വന്നുവെന്ന് എനിക്കറിയണം. ആരാ എന്റെ മോനെ അവിടെ കൊണ്ടിട്ടതെന്ന് എനിക്കറിയണം. അവൻ അങ്ങനെ ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. അവനെ ആരോ അവിടെ കൊണ്ടാക്കിയതാണ്. സത്യം അറിയാൻ വേണ്ടി ഏതറ്റം വരെ പോകാനും തയാറാണ്…’ ശിൽപ പറഞ്ഞു.

തളിക്കുളത്ത് 15 വർഷമായി അടഞ്ഞുകിടക്കുന്ന വീട്ടിൽ അമൽ എങ്ങനെ എത്തിയെന്നത് അന്വേഷിക്കുമെന്നു റൂറൽ പൊലീസ് മേധാവി ജി. പൂങ്കുഴലി. മുൻപ് എപ്പോഴെങ്കിലും അമൽ ആ വീട്ടിൽ വന്നിട്ടുണ്ടോ എന്നതു പരിശോധിക്കും. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടരുന്നുണ്ട്.

അമലിനെക്കൂടാതെ മറ്റാരെങ്കിലും ആ വീട്ടിലെത്തിയിരുന്നോ എന്ന കാര്യത്തിലും അന്വേഷണമുണ്ടാകും. അമലിന്റെ മൃതദേഹം കിടന്നിരുന്ന മുറിയിൽ നിന്ന‍ു ബ്ലൂടൂത്ത് ഹെഡ്ഫോൺ ലഭിച്ചതായി റൂറൽ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ഇത് ആരുടേതെന്നു കണ്ടെത്താനുള്ള പരിശോധനകൾ നടത്തുമെന്നും പൊലീസ് മേധാവി പറഞ്ഞു.

അമൽ കൃഷ്ണയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളിൽ അന്വേഷണം നടക്കുന്നതായി എസ്ഐ വിവേക് നാരായണൻ അറിയിച്ചു. അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടതിൽ അമലിന് മനോവിഷമം ഉണ്ടായിരുന്നതായി വീട്ടുകാർ തന്നെ പൊലീസിനെ അറിയിച്ച‍ിരുന്നു. അമലിന്റെ മൃതദേഹം കണ്ടെടുത്ത മുറിയിൽ ‘മോം സോറി, ഐ മിസ് യൂ’ തുടങ്ങിയ വാചകങ്ങളും അമലിന്റെ പേരും വിലാസവും ഫോൺ നമ്പറുമെല്ലാം രേഖപ്പെടുത്തിയിരുന്നു.

അമൽ കൃഷ്ണയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിലേക്കാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നു സൂചന. കഴുത്തിൽ കയർ കുരുങ്ങിയതിന്റേതല്ലാതെ മറ്റു മുറിവുകളൊന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിന്റെ കാലപ്പഴക്കം മൂലം പ്രാണികളുടെ ആക്രമണമേറ്റതിന്റെ പാടുകൾ മാത്രമേ ശരീരത്തിലുള്ളൂ എന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.

തളിക്കുളത്ത് അമൽ കൃഷ്ണയുടെ മൃതദേഹം കണ്ടെടുത്ത വീടിന്റെ മുൻവാതിൽ മാത്രമാണ് അടഞ്ഞുകിടന്നിരുന്നതെന്നു കണ്ടെത്തി. പിൻവാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതുവഴി മറ്റാരെങ്കിലും ഉള്ളിൽ കയറിയിട്ടുണ്ടോ എന്നതു തുടരന്വേഷണത്തിലേ വ്യക്തമാകൂ. അമൽ മരിച്ചതിനു ശേഷം പിൻവാതിൽ വഴി ആരെങ്കിലും ഉള്ളിൽ കടന്നിട്ടുണ്ടെങ്കിൽ കണ്ടുപിടിക്കാൻ ശാസ്ത്രീയ പരിശോധനകൾ വേണ്ടിവരും.