വൈക്കം തലയാഴത്ത് വര്‍ഷങ്ങളായി അപകടാവസ്ഥയിലായ പാലം തകര്‍ന്ന് സൈക്കിളിലെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തോട്ടില്‍ വീണു. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഉരുന്നുകട പുത്തന്‍ പാലം തോടിന് കുറുകെയുള്ള പാലമാണ് തകര്‍ന്നത്.

ആഴമുള്ള തോട്ടില്‍ വീണ കുട്ടികളെ അയല്‍വാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. എട്ടാം ക്ലാസ് വിദ്യാര്‍ഥി അരുണ്‍ ബേബി (13), ആറാം ക്ലാസ് വിദ്യാര്‍ഥി ദേവനാരായണന്‍ എന്നിവരാണ് തോട്ടില്‍ വീണത്. ഒരാള്‍ താഴ്ചയിലുള്ള തോട്ടില്‍ വീണ കുട്ടികളെ അയല്‍വാസികളുടെ സമയോചിതമായ ഇടപെടലാണ് രക്ഷിച്ചത്. അരുണും സുഹൃത്തുക്കളായ ദേവനാരായണനും ശ്രീദിലും സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാലം തകര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ശ്രീദില്‍ പോയതിന് തൊട്ടുപിന്നാലെ പാലത്തിന്റെ മധ്യഭാഗത്തെ സ്ലാബ് വലിയ ശബ്ദത്തോടെ തകര്‍ന്ന് ആറ്റില്‍പതിച്ചു. ഇതോടൊപ്പം സൈക്കിളുമായി അരുണും ദേവനാരായണനും വെള്ളത്തില്‍ വീണു.കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി കൃഷ്ണകുമാറും സുഹൃത്തും പാലത്തിന്റെ തൂണുകളില്‍ തൂങ്ങികിടന്നാണ് കുട്ടികളെ രക്ഷിച്ചത്.

ഈട്ടത്തറ കോളനിയിലേക്ക് എളുപ്പവഴിയായാണ് ഉരുന്നകട -പുത്തന്‍പാലം തോടിനു കുറുകെ 10 വര്‍ഷം മുമ്പ് പഞ്ചായത്ത് ഈ പാലം നിര്‍മ്മിച്ചത്. നാല് തൂണുകളില്‍ നിര്‍മിച്ച പാലത്തിലെ സ്ലാബുകള്‍ അപകടാവസ്ഥയിലായ കാര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പഞ്ചായത്തില്‍ അറിയിച്ചതാണ് പക്ഷെ നടപടിയൊന്നും ഉണ്ടായില്ല.

ഈ അനാസ്ഥയും അവഗണനയുമാണ് അപകടത്തിലേക്ക് നയിച്ചത്. ഒഴിവായ ദുരന്തത്തിന്റെ പശ്ചാതലത്തിലെങ്കിലും പാലം നന്നാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. അതേസമയം, അപകടാസ്ഥയിലായ പാലം നന്നാക്കാത്ത പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗതെത്തി.