നായ്ക്കളുടെ അഴുകിയ ജഡങ്ങളാണ് പനമരത്തുള്ള പുഴയില്‍ ഇപ്പോള്‍ ഒഴുകി നടക്കുന്നത്. പനമരം ടൗണിനോട് ചേര്‍ന്നുള്ള ചെറിയ പുഴയാണ് ഇത്. തുടര്‍ച്ചയായ ദിവസങ്ങളിലാണ് ഒരാഴ്ചയോളം പഴക്കമുള്ള ജീര്‍ണ്ണിച്ച നായകള്‍ ഒഴുകിയെത്തുന്നത്. 7 ജഡങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതിനു പിന്നാലെ 3 ജഡങ്ങള്‍ കൂടി പുഴയിലെത്തി. 2 ദിവസം തുടര്‍ച്ചയായി ജഡങ്ങള്‍ ഒഴുകിവന്നിട്ടും സംഭവത്തിലെ ദുരൂഹത മറനീക്കിയിട്ടില്ല. ഇതിന്റെ പിന്നില്‍ എന്ത് എന്ന ഉത്തരം തേടി നടക്കുകയാണ് നാട്ടുകാരിപ്പോള്‍.

സാമൂഹ്യ വിരുദ്ധര്‍ നായക്കളെ കൊന്ന് പുഴയില്‍ തള്ളുന്നതാണോ? അതോ എന്തെങ്കിലും പകര്‍ച്ച വ്യാധികള്‍ പിടിപെട്ടതാണോ എന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ സംശയം. എന്താണെങ്കിലും ഇതിന് പിന്നിലുള്ള ദുരൂഹത നീക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം അധികൃതരെ വിവരമറിയിച്ചിട്ടും ആരും തന്നെ ഇതുവരെ എത്തിയിട്ടില്ല. അധികൃതരുടെ ഈ നടപടി പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

നായ്ക്കളെ പുഴയില്‍ കണ്ട വിവരം പൊലീസ്, പഞ്ചായത്ത്, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ളവരെ നാട്ടുകാര്‍ അറിയിച്ചിരുന്നു. അധികൃതര്‍ എത്തിയ ശേഷമേ അഴുകിയ നായ്ക്കളുടെ ജഡം പുഴയില്‍നിന്നു നീക്കം ചെയ്യാന്‍ സമ്മതിക്കൂവെന്നു നാട്ടുകാര്‍ പറയുന്നു. എത്രയുംവേഗം അധികൃതര്‍ എത്തി നായ്ക്കളെ പുഴയില്‍നിന്ന് എടുത്തു പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാണ് ആവശ്യം

കഴിഞ്ഞ ദിവസം അധികൃതര്‍ എത്താത്തതിനെ തുടര്‍ന്ന് പ്രദേശത്തെ സത്യം സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ പനമരത്ത് ആരംഭിച്ച സിഎച്ച് റസ്‌ക്യൂ ടീമിന്റെ സഹായത്തോടെയാണ് നായ്ക്കളെ പുഴയില്‍നിന്ന് എടുത്ത് മറവുചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എത്രയുംവേഗം ദുരൂഹതയുടെ ചുരുളഴിക്കുമെന്നും പനമരം പൊലീസ് അറിയിച്ചു.

അതേസമയം സംഭവത്തിനു പിന്നിലെ ദുരൂഹത എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്ന് പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി മോഹനന്‍ പറഞ്ഞു. നീചകൃത്യം ചെയ്തവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം. ഇതിനു പൊലീസും നാട്ടുകാരും സഹകരിക്കണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയിടാന്‍ പനമരം പാലത്തിലും ടൗണിലുമായി 16 സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു