ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറും മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയും തമ്മിൽ ശാരീരിക ബന്ധം പുലർത്തിയിരുന്നുവെന്ന വിവാദ പരമാർശവുമായി കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദളിന്റെ ലഘുലേഖ. ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുന്‍പ് ഗോഡ്സെയ്ക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവര്‍ക്കറുമായി സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്ന് ഡൊമിനിക് ലാംപിയറിന്റെയും ലാരി കോളിൻസിന്റെയും ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് ലഘുലേഖയിൽ പറയുന്നു.

ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദുക്കളോട് സവര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും ബുക്ക്ലെറ്റില്‍ ആരോപിക്കുന്നുണ്ട്. ‘വീർ സവർക്കർ എത്രമാത്രം ധൈര്യശാലിയായിരുന്നു’ (വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍) എന്ന തലക്കെട്ടോടുകൂടിയാണ് ലഘുലേഖ പുറത്തിറക്കിയത്. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാ ദളിന്റെ ട്രെയിനിംഗ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് പതിനാല് പേജുള്ള ലഘുലേഖ വിതരണം ചെയ്തത്.

12 വയസുള്ളപ്പോൾ സവർക്കർ പള്ളിക്ക് നേരെ കല്ലെറിഞ്ഞിരുന്നുവെന്നും, ഹിറ്റ്ലറുടെ നാസിസത്തിൽനിന്നും മുസോളിനിയുടെ ഫാസിസത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട സംഘടനയാണ് ആർഎസ്എസ് എന്നും ലഘുലേഖയിൽ പറയുന്നു. 1947 ല്‍ രാജ്യം വിഭജിച്ചതിന് ആര്‍എസ്എസിനെയും സവര്‍ക്കറെയുമാണ് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നത്.