രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം സുപ്രീം കോടതി കുറ്റവിമുക്തരാക്കിയ ആറ് പ്രതികളിലൊരാളാണ് നളിനി മുരുകന്‍. രാജീവ് ഗാന്ധി വധത്തില്‍ അതീവദു:ഖമുണ്ടെന്നു നളിനി മുരുകന്‍ പറയുന്നു. വധഗൂഢാലോചനയെ കുറിച്ചു മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്ന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ജയില്‍ മോചിതയായ നളിനി അവകാശപ്പെട്ടു. ശ്രീലങ്കന്‍ പൗരനുമായ ഭര്‍ത്താവ് മുരുകനെ തനിക്കൊപ്പം ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്നും നളിനി ചെന്നൈയില്‍ ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധിയെ വധിക്കാനായി ശ്രീപെരുമ്പത്തൂരിലെത്തിയ ചാവേര്‍ സംഘത്തില്‍ ജീവനോടെ അവശേഷിക്കുന്ന ഏകയാളാണു നളിനി. 30വര്‍ഷത്തെ തടവു കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഒറ്റ ആഗ്രഹമേയുള്ളു. ഇനിയെങ്കിലും കുടുംബമായി ഇന്ത്യയില്‍ ജീവിക്കണം. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്കു മാറ്റിയ ശ്രീലങ്കക്കാരനായ ഭര്‍ത്താവ് മുരുകനെ തിരിച്ചയക്കരുതെന്നും നളിനി ആവശ്യപ്പെട്ടു.

ലണ്ടനില്‍ ഡോക്ടറായ മകള്‍ ഹരിത്ര അങ്ങോട്ടു ക്ഷണിക്കുന്നുണ്ട്. യാത്രക്കായി പാസ്‌പോര്‍ട്ട് വീസ നടപടികള്‍ തുടങ്ങി. രാജീവ് ഗാന്ധി വധത്തെ പറ്റി മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്ന് അവകാശപ്പെടുന്ന നളിനി സംഭവത്തില്‍ അതീവ ദു:ഖമുണ്ടെന്നും പറഞ്ഞു. അവസരം കിട്ടിയാല്‍ ഗാന്ധി കുടുംബത്തെ കാണും. എന്നാല്‍ അതിനുള്ള സാധ്യത കുറവാണന്നും നളിനി വ്യക്തമാക്കി.

1991 മെയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്ബത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീലങ്കന്‍ ഗ്രൂപ്പായ എല്‍.ടി.ടി.ഇയുടെ ചാവേര്‍ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1987ല്‍ ഇന്ത്യന്‍ സമാധാന സേനാംഗങ്ങളെ ശ്രീലങ്കയിലേക്ക് അയച്ചതിനുള്ള പ്രതികാര നടപടിയായാണ് രാജീവ് ഗാന്ധിയുടെ കൊലപാതകം നടന്നത്.

യുദ്ധത്തില്‍ 1,200ലധികം സൈനികരെ നഷ്ടപ്പെടുകയും സൈനികര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍പ്പെടെ ആരോപണങ്ങള്‍ ഉയരുകയും ചെയ്തതോടെയായിരുന്നു അവരെ പിന്‍വലിച്ചത്. നളിനി ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ച സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തടവുകാരുടെ നല്ല പെരുമാറ്റവും കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളന്‍ മോചിതനായതും പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി പറഞ്ഞിരുന്നു.