തിരുവനന്തപുരം: മുന്‍ കായിക, വ്യവസായ മന്ത്രി ഇ.പി.ജയരാജനെതിരെയുള്ള ബന്ധു നിയമനക്കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. തെളിവില്ലാത്തതിനാല്‍ അന്വേഷണം തുടരാനാകില്ലെന്ന് വിജിലന്‍സിന്റെ നിയമോപദേഷ്ടാവ് സി.സി.അഗസ്റ്റിന്‍ അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. ബന്ധു നിയമന വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനത്ത്‌നിന്ന് രാജിവെക്കേണ്ടി വന്നിരുന്നു.

ബന്ധുവായിരുന്ന പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ ഇതിനെ ബന്ധുനിയമനമായി കണക്കാക്കാനാകില്ലെന്ന് വിജിലന്‍സ് പറയുന്നു. ഇതിനായുള്ള തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നാണ് വിശദീകരണം.

സുധീര്‍ നമ്പ്യാര്‍ ചുമതലയേറ്റെടുത്തിരുന്നുമില്ല. ഈ പശ്ചാത്തലത്തില്‍ കേസുമായി മുന്നോട്ടുപോയാല്‍ നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം. ക്വിക്ക് വേരിഫിക്കേഷനില്‍ തെളിവുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ബന്ധുനിയമന വിവാദത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.